loksabha-election-2019

ന്യൂഡൽഹി:ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് സർവേഫലം. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഡിസംബർ 15നും 25നും ഇടയിൽ ഇന്ത്യൻ ടി.വി - സി.എൻ.എക്‌സ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇടത് മുന്നണിക്ക് കേരളത്തിൽ അഞ്ച് സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും സർവേ പറയുന്നു. കോൺഗ്രസിന് എട്ട്, മുസ്‌ലിം ലീഗിന് രണ്ട് വീതം സീറ്റുകൾ കിട്ടുമെന്നും സർവേയിൽ പറയുന്നു.

നിർണായകം മറ്റുള്ളവർ

അതേസമയം, ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ സർക്കാർ രൂപീകരിക്കേണ്ട മാന്ത്രിക സംഖ്യയിൽ നിന്നും 15 സീറ്റുകൾ കുറവായിരിക്കും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്‌ക്ക് ലഭിക്കുകയെന്നും സർവേ പറയുന്നു. സർക്കാർ രൂപീകരിക്കാൻ 272 സീറ്റുകളാണ് വേണ്ടത്. എന്നാൽ എൻ.ഡി.എയ്‌ക്ക് 257 സീറ്റുകൾ മാത്രമേ ലഭിക്കൂ. കോൺഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 146 സീറ്റുകൾ വരെ ലഭിക്കും.140 സീറ്റുകൾ വരെ കിട്ടുന്ന എസ്.പി - ബി.എസ്.പി സഖ്യം അടങ്ങുന്ന മറ്റുള്ള കക്ഷികളായിരിക്കും ആര് സർക്കാർ രൂപീകരിക്കണമെന്ന് തീരുമാനിക്കുക. നിലവിൽ ഇരുപാർട്ടികൾക്കും പുറമെ അണ്ണാ ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ടി.ആർ.എസ്, ബിജു ജനതാദൾ, വൈ.എസ്.ആർ കോൺഗ്രസ്, ഇടത് മുന്നണി, മെഹ്‌ബൂബ മുഫ്‌തിയുടെ പി.ഡി.പി, ബദറുദ്ദീൻ അജ്മലിന്റെ എ.യു.ഡി.എഫ്, അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം, ഐ.എൻ.എൽ.ഡി, ആം ആദ്മി പാർട്ടി, തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ വരുന്നത്.

എൻ.ഡി.എയിൽ ബി.ജെ.പിക്ക് പുറമെ ശിവസേന, അകാലിദൾ, ജെ.ഡി(യു), മിസോ നാഷണൽ ഫ്രണ്ട്, അപ്‌നാ ദൾ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി, മേഘാലയയിലെ എൻ.പി.പി, പുതുച്ചേരിയിലെ ഐ.എൻ.ആർ.സി, പി.എം.കെ, എൻ.ഡി.പി.പി എന്നിവരാണ് എൻ.ഡി.എയിൽ ഉള്ളത്. കോൺഗ്രസ് നയിക്കുന്ന യു.പി.എയിൽ ആർ.ജെ.ഡി, ഡി.എം.കെ, ടി.ഡി.പി, ശരത് പവാറിന്റെ എൻ.സി.പി, ദേവഗൗഡയുടെ ജെ.ഡി.എസ്, അജിത് സിംഗിന്റെ ആർ.എൽ.ഡി, നാഷണൽ കോൺഫറൻസ്, ആർ.എസ്.പി, ജെ.എം.എം, ഐ.യു.എം.എൽ, കേരള കോൺഗ്രസ് (മാണി), ആർ.എൽ.എസ്.പി എന്നീ പാർട്ടികളാണുള്ളതെന്നും സർവേയുടെ ഭാഗമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

നേരത്തെ ബി.ജെ.പിക്ക് മുന്നേറ്റം പ്രവചിച്ചു

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന് മുമ്പ് നവംബറിൽ ഇന്ത്യൻ ടി.വി - സി.എൻ.എക്‌സ് നടത്തിയ സർവേയിൽ എൻ.ഡി.എയ്‌ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. എൻ.ഡി.എ 281, യു.പി.എ 124, മറ്റുള്ളവർ 138 എന്നിങ്ങനെയായിരുന്നു കക്ഷിനില. എന്നാൽ ദിവസങ്ങൾക്ക് ശേഷം നടത്തിയ സർവേയിൽ 24 സീറ്റുകൾ ബി.ജെ.പിക്ക് കുറഞ്ഞു. ഇത് യു.പി.എയ്‌ക്ക് ലഭിക്കുമെന്നും സർവേ പറയുന്നു. എൻ.ഡി.എയ്‌ക്ക് 37.15 ശതമാനം വോട്ടും, യു.പി.എയ്‌ക്ക് 29.92 ശതമാനം വോട്ടും മറ്റുള്ളവർക്ക് 32.93 ശതമാനം വോട്ടും ലഭിക്കും.

543 പാർലമെന്റ് മണ്ഡലങ്ങളിലായി 54,300 വോട്ടർമാർക്കിടയിലാണ് സർവേ നടത്തിയത്. ഓരോ ലോക്‌സഭാ മണ്ഡലത്തിലും ശരാശരി നൂറ് വോട്ടർമാരെയെങ്കിലും സർവേയിൽ പങ്കെടുപ്പിച്ചു. 27832 പുരുഷ വോട്ടർമാരും 26,408 സ്ത്രീകളും സർവേയിൽ പങ്കെടുത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്നും ഇന്ത്യൻ ടി.വി - സി.എൻ.എക്‌സ് അധികൃതർ പറയുന്നു.