kerala-weather

തൃശൂർ: ഇപ്പോൾ കേരളത്തിൽ അനുഭവപ്പെടുന്നത് കഴിഞ്ഞ 30 വർഷത്തെ ഏറ്റവും വലിയ തണുപ്പ് .

മൂന്നാറിൽ തണുപ്പ് പൂജ്യത്തിലും താഴെ മൈനസ് മൂന്നായി. ശബരിമലയിൽ 16ഡിഗ്രിയായി. സാധാരണ ജനമേഖലകളിൽ പുനലൂരിലാണ് ഇൗ വർഷത്തെ റെക്കോഡ് തണുപ്പ്.16.2 ഡിഗ്രി. മുപ്പതുവർഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു ഈ കാലയളവിലെ ഏറ്റവും വലിയ തണുപ്പ്.

ഡിസംബറിൽ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരിയിൽ തീരും.19ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില.ഒന്നോ, രണ്ടോ ഡിഗ്രിയാണ് സാധാരണ കുറയുന്നത്. ഇൗ വർഷം നാലു ഡിഗ്രിയോളം കുറഞ്ഞു. പുനലൂരിൽ 4.4, കോട്ടയത്ത് 4.1, തിരുവനന്തപുരത്ത് 1.2 എന്ന തരത്തിലാണ് താപനില കുറഞ്ഞത്.

തിരുവനന്തപുരം,കണ്ണൂർ, ആലപ്പുഴ, കോട്ടയം,കോഴിക്കോട് മേഖലകളിൽ പുലർകാലത്ത് കടുത്ത തണുപ്പുണ്ട്. ഉയർന്ന ചൂട് അനുഭവപ്പെടുന്ന തൃശൂർ ജില്ല അടക്കം, കഴിഞ്ഞ പതിറ്റാണ്ടിനിടെ അനുഭവപ്പെടാത്ത തണുപ്പിൽ വിറയ്ക്കുമ്പോൾ കൃത്യമായ കാരണങ്ങൾ തേടി വിയർക്കുകയാണ് ഗവേഷകരും ശാസ്ത്രജ്ഞരും. തൃശൂരിൽ 17.9 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കുറഞ്ഞ താപനില. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് 23.8 ഡിഗ്രി സെൽഷ്യസാണ് കൂടിയ രാത്രി താപനില.

തൃശൂർ, പാലക്കാട് ജില്ലകളിൽ ശക്തമായ കാറ്റു വീശുന്നതിനാൽ തണുപ്പ് ഉയരാതെ നിൽക്കുന്നുണ്ട്. ഇളംകാറ്റിലാണ് തണുപ്പ് കൂടുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങളും വാഹനപ്പെരുപ്പവും കാരണം നഗരങ്ങളിൽ ഉയർന്ന തണുപ്പ് അനുഭവപ്പെടുന്നില്ലെങ്കിലും കാലാവസ്ഥ താളം തെറ്റുന്നത് വ്യക്തം. പൊടിയും പുകയും കലർന്ന മഞ്ഞ് വൻ നഗരങ്ങളിലേതു പോലെ തൃശൂരിലെ ഗതാഗതത്തെയും നേരിയ തോതിൽ ബാധിച്ചു തുടങ്ങി. കാർഷികമേഖലയെയും കാലാവസ്ഥാ വ്യതിയാനം തകിടം മറിക്കുന്നുണ്ട്. വിജനമായ സ്ഥലങ്ങളിൽ സ്വാഭാവികമായും തണുപ്പ് കൂടും. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇത്തവണ അൽപം വൈകിയാണെങ്കിലും താപനില വളരെ താഴുകയായിരുന്നു. പകൽനേരങ്ങളിൽ സാധാരണ പോലെ ചൂടുണ്ട്. രാത്രിയിലും രാവിലെയും മഞ്ഞ് വ്യാപിക്കുന്നതിന് പല നിഗമനങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

കാരണങ്ങൾ, സാദ്ധ്യതകൾ :

1. മറ്റ് രാജ്യങ്ങളിലെ അഗ്നിപർവത സ്ഫോടനങ്ങൾക്ക് ശേഷമുണ്ടാകുന്ന സൾഫർ ഡൈ ഓക്‌സൈഡും പൊടിപടലങ്ങളും അന്തരീക്ഷത്തലേക്ക് ഉയരുന്നുണ്ട്. ഇത് സൂര്യപ്രകാശത്തെ മറച്ചതോടെ താപനില താഴ്ന്നു.

2. ചക്രവാതങ്ങൾ സാധാരണ പശ്ചിമേന്ത്യയിലേക്ക് പ്രവേശിക്കുന്നത് കുറവാണ്. ചക്രവാതങ്ങളും കാരണമാകാം

3. അന്തരീക്ഷത്തിന് മുകൾത്തട്ടിലെ ശക്തിയേറിയ കാറ്റ്, ജെറ്റ് പ്രവാഹങ്ങൾ.

4. സ്ട്രാറ്റോസ്ഫിയറിലെ അസ്വാഭാവിക പ്രതിഭാസങ്ങൾ

പ്രളയമായി ബന്ധമില്ല ?

''കുറഞ്ഞ താപനിലയ്ക്ക് പ്രളയവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. വരൾച്ചയുടെ മുന്നോടിയാണെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല. വേനൽമഴയാണ് വരൾച്ച നിർണ്ണയിക്കുക. മേഘങ്ങൾ വ്യാപിച്ചാൽ തണുപ്പു കുറയും.''


ഡോ.സി.എസ് .ഗോപകുമാർ (കാലാവസ്ഥാ ഗവേഷകൻ)

ശീതതരംഗം ?

അതിശൈത്യത്തിൽ ബംഗളൂരുവിൽ ശീതതരംഗം പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ 16 ഡിഗ്രിയിൽ നിന്ന് ആറുദിവസം തുടർച്ചയായി ശരാശരി 11 ഡിഗ്രിയായി താപനില താഴ്ന്നാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ശീതതരംഗം പ്രഖ്യാപിച്ചേക്കും. വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകും. മുന്നൊരുക്കങ്ങളും സ്വീകരിക്കും. 8.5 ഡിഗ്രി വരെ വയനാടും മൈനസ് രണ്ടായി മൂന്നാറിലും കൊടുശൈത്യം അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ വരണ്ട കാലാവസ്ഥയിലേക്ക് മാറുന്ന ഹൈറേഞ്ച് മേഖലകളിൽ രാത്രി ഏഴോടെ നല്ല തണുപ്പ് അനുഭവപ്പെടും. പുലർച്ചെയോടെ കൊടും തണുപ്പാകും. തണുപ്പിനോടൊപ്പം കനത്ത കോടമഞ്ഞുമുണ്ടാകും. തണുപ്പ് കൂടിയെങ്കിലും സഞ്ചാരികളുടെ എണ്ണം കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ.....