ഗുവാഹത്തി: കൽക്കരി ഖനിയിൽ ജലപ്രവാഹത്തെ തുടർന്ന് കുടുങ്ങിയ 15 തൊഴിലാളികളുടെ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കെ മേഘാലയയിൽ വീണ്ടും ഖനി ദുരന്തം. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ തന്നെയുള്ള മറ്റൊരു ഖനി തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. ജില്ലാ ആസ്ഥാനത്തു നിന്ന് അഞ്ച് കിലോമീറ്റർ അകലെ ജലയ്യ ഗ്രാമത്തിലെ മൂക്നോറിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച മുതൽ എലാദിൻ എന്ന വ്യക്തിയെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖനിയപകടം പുറത്തറിയുന്നത്. ഖനിയിൽ നടത്തിയ തെരച്ചിലിനിടെ ഖനിക്കുള്ളിലെ എലിമടകൾ പോലുള്ള ഇടുങ്ങിയ അറകളിലൊന്നിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മരിച്ചവരിൽ രണ്ടാമൻ മനോജ് ബസുമത്രിയാണ്. കൽക്കരി ഖനനത്തിനിടെ പാറക്കല്ലുകൾ വീണായിരിക്കാം ഇരുവരും മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, നേരത്തെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.