wedding-maneesh

ചങ്ക് സുഹൃത്തിന്റെ വിവാഹം കെങ്കേമമാക്കാൻ എന്തോ വലിയ ഉത്സാഹമാണ് നമുക്കെല്ലാവർക്കും. മലബാർ കല്യാണങ്ങളടക്കം സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം പ്രചരിക്കുന്നതും ഇത്തരം വിവാഹ വീഡിയോകളാണ്. അക്കൂട്ടത്തിൽ അൽപം വ്യത്യസ്‌തരാവുകയാണ് തിരുവനന്തപുരത്തെ കുറച്ച് ചങ്കളിയന്മാർ. മനീഷ് കൃഷ്‌ണനെന്ന തങ്ങളുടെ സുഹൃത്തിന്റെ കല്യാണംവിളി ഒരു അധോലോകം സ്‌റ്റൈലിൽ തന്നെ മാറ്റിയിരിക്കുകയാണിവർ. കൂട്ടുകാരന് വിവാഹ സമ്മാനമെന്നോണം പുറത്തിറക്കിയിരിക്കുന്ന 'എ ഡീൽ ടു റിമെ‌ംബർ' എന്ന വീഡിയോ യൂട്യൂബിൽ തരംഗമാവുകയാണ്. ആദ്യം അൽപമൊന്ന് സംഭ്രമിപ്പിക്കുമെങ്കിലും തുടർന്നങ്ങോട്ട് അവതരണത്തിലെ വ്യത്യസ്‌തത കാഴ്‌ച‌ക്കാരന് സമ്മാനിക്കുക ചുണ്ടിൽ വിടരുന്ന ചിരിമധുരമാണ്.

മൂന്ന് മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത് സൂരജാണ്. സോനു സുരേന്ദ്രൻ, വിനോദ്, രജിത്ത് എന്നിവരുടേതാണ് ആശയം. അനു മുരുകന്റെ ക്യാമറയ്‌ക്ക് മുന്നിലെത്തുന്നത് ശരത് വാടി, ആനന്ദ് രാധാകൃഷ്‌ണൻ, രതീഷ് രോഹിണി, രജിത് പക്കു, അസൻ നിതീഷ് എന്നിവരാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതും സൂരജ് തന്നെയാണ്.