bjp

ശബരിമല പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കാനുള്ള അവകാശം മലയരയ വിഭാഗത്തിന് തിരികെ നൽകണമെന്ന് ബി.ജെ.പി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദീർഘനാളായി സമര പാതയിലുള്ള ബി.ജെ.പി പ്രതിഷേധത്തിന് പുതിയ മുഖം നൽകുകയാണ് ഈ തീരുമാനത്തിലൂടെ. ബി.ജെ.പിയുടെ മുതിർന്ന നേതാവ് എം.ടി.രമേശാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മലയരയ സമുദായം അനുഭവിച്ചു വന്നിരുന്ന ഈ അവകാശം സാങ്കേതികത പറഞ്ഞാണ് ദേവസ്വം ബോർഡ് തട്ടിയെടുത്തതെന്നും അദ്ദേഹം ആരോപിക്കുന്നു. ഭക്തിയോടെ ആചാര വിശുദ്ധിയോടെ മലയരയ വിഭാഗം നടത്തി വന്ന അനുഷ്ഠാനം സർക്കാർ പിന്നീട് വെറും ചടങ്ങാക്കി മാറ്റുകയായിരുന്നു. ദളിത് പ്രേമവും പിന്നാക്ക ക്ഷേമവുമൊക്കെ പറയുന്ന ഇടത് വലത് സർക്കാരുകൾ മലയരയ വിഭാഗത്തിന്റെ ആവശ്യം കണ്ടില്ലെന്ന് നടിക്കരുത്. ദീപം തെളിയിക്കാൻ പുറപ്പെട്ട മലയരയരെ 2011 ൽ അറസ്റ്റ് ചെയ്യാനും സർക്കാർ തയ്യാറായതിനെപറ്റിയും ബി.ജെ.പി നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കാനുള്ള അവകാശം മലയരയ വിഭാഗത്തിന് തിരികെ വിട്ടുകൊടുക്കാൻ സർക്കാർ തയ്യാറാകണം. പരമ്പരാഗതമായി മലയരയ സമുദായം അനുഭവിച്ചു വന്നിരുന്ന ഈ അവകാശം സാങ്കേതികത പറഞ്ഞാണ് ദേവസ്വം ബോർഡ് തട്ടിയെടുത്തത്. ഭക്തിയോടെ, ആചാര വിശുദ്ധിയോടെ ഇവർ നടത്തി വന്ന അനുഷ്ഠാനം സർക്കാർ പിന്നീട് വെറും ചടങ്ങാക്കി മാറ്റുകയായിരുന്നു.

നൂറ്റാണ്ടുകളായി അനുഭവിച്ചു വന്നിരുന്ന അവകാശം മലയരയർക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് 2012 മേയ് 23 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഹിന്ദു സംഘടനാ നേതാക്കൾ നൽകിയ അവകാശ പത്രികയിൽ ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനു പുറമേ അന്നത്തെ തന്ത്രി കണ്ഠരര് മഹേശ്വരര്, പന്തളം രാജകുടുംബം, എൻഎസ്എസ്, ഹിന്ദു ഐക്യവേദി എന്നിവരും വിവിധ സമയങ്ങളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ദളിത് പ്രേമവും പിന്നാക്ക ക്ഷേമവുമൊക്കെ പുറപ്പുറത്ത് കയറി വിളിചു കൂവുന്ന ഇടത് വലത് സർക്കാരുകളും മുന്നണികളും ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 2011 നവംബർ 2ന് മലയരയ സംഘടനയും ഹൈന്ദവ സംഘടനകളും ഇതേ ആവശ്യവുമായി ദേവസ്വംബോർഡ് പ്രസിഡന്റിനെ സന്ദർശിക്കുകയും ചെയ്തതാണ്. ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് കിട്ടിയെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. ഇത് വഞ്ചനയാണ്. മാത്രവുമല്ല ദീപം തെളിയിക്കാൻ പുറപ്പെട്ട മലയരയരെ 2011 ൽ അറസ്റ്റ് ചെയ്യാനും സർക്കാർ തയ്യാറായി.

ഇതാണ് ആദിവാസി ഗോത്ര വിഭാഗങ്ങളോടുള്ള ഇടത് വലത് മുന്നണികളുടെ നിലപാട്. നവോത്ഥാനമെന്ന് വായാടിത്തം പറയുന്ന പിണറായി വിജയൻ ഇപ്പോഴെങ്കിലും ഇത് നടപ്പാക്കണം. അവകാശങ്ങൾ കവർന്നെടുക്കലല്ല, അവശ വിഭാഗങ്ങൾക്കുള്ള അവകാശം പുനഃസ്ഥാപിക്കുന്നതാണ് യഥാർഥ നവോത്ഥാനം. ഇതിന് സർക്കാർ തയ്യാറാകണം.