nss

തൃശൂർ: എൻ.എസ്.എസ് വിലക്ക് ലംഘിച്ച് വനിതാ മതിലിൽ പങ്കെടുത്ത വനിതാ അംഗങ്ങൾ രാജിവച്ചു. തൃശൂരിലെ തലപ്പിള്ളി താലൂക്ക് യൂണിയനിലെ അംഗങ്ങളാണ് രാജിവച്ചത്. സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ പങ്കെടുക്കരുതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരാൻ നായരുടെ നിർദ്ദേശമുണ്ടായിരുന്നു. വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയും കൗൺസിലറും വനിതാ മതിലിൽ പങ്കെടുത്തതിനെ തുടർന്ന് എൻ.എസ്. എസിലെ പദവികൾ രാജിവച്ചിട്ടുണ്ട്.

വനിതാ യൂണിയൻ പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിച്ച ടി.എൻ ലളിത, മെമ്പർ പ്രസീത സുകുമാരൻ എന്നിവരാണ് രാജിവച്ചത്. ആചാര സംരക്ഷണത്തിനായി എൻ.എസ്.എസിന്റെ നിർദ്ദേശമനുസരിച്ച് നാമജപ ഘോഷയാത്രകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന രണ്ട് പേരും ജനുവരി ഒന്നിന് നടന്ന വനിതാ മതിലിലും പങ്കെടുക്കുകയായിരുന്നു.


സംഘടനയുടെ നിർദ്ദേശത്തെ തുടർന്ന് വനിതാ അംഗങ്ങളാരും മതിലിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇവർ പങ്കെടുത്തതോടെ സംസ്ഥാന നേതൃത്വത്തിന് ക്ഷീണമായി. മതിലിന്റെ ഭാഗമായി അത്താണിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് ലളിത സംസാരിക്കുകയും എൻ.എസ്.എസ് നിലപാടിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതാണ് സംഘടനയിൽ പൊട്ടിത്തെറിക്ക് കാരണമായത്. സംഭവത്തെ തുടർന്ന് ഇവരോട് വിശദീകരണം തേടാൻ യൂണിയൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിശദീകരണത്തിനൊപ്പം ഇരുവരും സംഘടനയിൽ നിന്ന് രാജിവയ്ക്കുകയായിരുന്നു.