-narendra-modi

മുംബയ്: ഈ വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൂക്കുസഭയുണ്ടാകാൻ സാധ്യതയുണ്ടെന്നും മുൻ ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി ഈ അവസരം ഉപയോഗിച്ച് പ്രധാനമന്ത്രിയാവാൻ ഒരുങ്ങിയിരിക്കുകയാണെന്നും ശിവസേന. അങ്ങനെയെങ്കിൽ ഗഡ്‌കരിക്ക് തങ്ങൾ പിന്തുണ നൽകുമെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായ സഞ്ജയ് റാവത്ത് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി ഇടിഞ്ഞെന്നും എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിന്തുണ വർദ്ധിച്ചതായും കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ പ്രതിവാര കോളത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന സർവേ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിന്റെ ചങ്കിടിപ്പേറ്റുന്നതാണ് ശിവസേനയുടെ നിലപാട്.

കഴിഞ്ഞ തവണത്തേക്കാൾ 80 മുതൽ 100 വരെ സീറ്റുകൾ ബി.ജെ.പിക്ക് നഷ്‌ടമാകും. അങ്ങനെ വന്നാൽ മോദിയെ മാറ്റി ആർ.എസ്.എസ് നേതൃത്വം ഗഡ്‌കരിക്ക് പിന്തുണ നൽകാൻ സാധ്യതയുണ്ട്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗഡ്‌കരി നടത്തിയ പ്രതികരണങ്ങൾ ഇത്തരമൊരു സൂചന നൽകുന്നതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭൂരിപക്ഷം നഷ‌്ടമായാൽ ഗഡ്‌കരി കൂടുതൽ ശക്തനായി രംഗപ്രവേശനം ചെയ്യും. ആ ഘട്ടത്തിൽ രാജ്നാഥ് സിംഗ്, യോഗി ആദിത്യനാഥ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ നേതാക്കൾ മോദി പാളയം വിട്ട് ഗഡ്കരിക്കൊപ്പം ചേരും. ചിലപ്പോൾ ഗഡ്‌കരി പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് രാജ്‌നാഥ് സിംഗിനെ പ്രധാനമന്ത്രിയാക്കാനും സാധ്യതയുണ്ട്.

2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വ്യക്തമായ മോദി തരംഗവും കോൺഗ്രസ് സർക്കാരിനെ താഴെയിറക്കണമെന്ന ജനവികാരവും നിലനിന്നിരുന്നു.എന്നാൽ ഇപ്പോൾ കാര്യങ്ങൾ മുഴുവൻ മാറി. ഒരു തൂക്കുസഭയിലേക്കാണ് രാജ്യം പോകുന്നത്. നരേന്ദ്ര മോദി മാത്രമാണ് ഇതിന് ഉത്തരവാദി. നരേന്ദ്ര മോദിയുടെ 2014ലെ തിരഞ്ഞെടുപ്പ് വിജയം പാഴായിപ്പോയി. മോദിയുടെ ജനപിന്തുണ ഇപ്പോൾ കാര്യമായി ഇടിഞ്ഞിരിക്കുന്നു. മോദിയോളം ഇല്ലെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഭരണത്തിൽ ജനങ്ങൾ നിരാശരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.