തൃശൂർ: പട്ടികജാതിക്കാരനായ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. തലയ്ക്കും ചെവിയ്ക്കും പുറംഭാഗത്തും മർദ്ദനമേറ്റ നിലയിൽ ചിറയ്‌ക്കേകോട് പാണ്ടിപറമ്പ് ശരത്തിനെ (24) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുവർഷദിനത്തിൽ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിനടുത്ത് വെച്ച് പൊലീസിനെ തെറിവിളിച്ചുവെന്നാരോപിച്ചാണ് പൊലീസ് പിടിച്ചുകൊണ്ടുപോയതെന്നാണ് ശരത് ആരോപിക്കുന്നത്. എസ്.ഐ ഉൾപ്പെടെയുള്ളവർ ക്രൂരമായി മർദ്ദിച്ചെന്നും പുറത്തും കാലിനടിയിലും ലാത്തികൊണ്ട് അടിച്ചതായും മുൻപും പൊലീസ് മർദ്ദിച്ചിട്ടുണ്ടെന്നും ശരത് പറഞ്ഞു. മുഖ്യമന്ത്രിക്കും കളക്ടർക്കും മനുഷ്യാവകാശ കമ്മീഷനും ഇന്ന് പരാതി നൽകുമെന്നും ശരത് പറഞ്ഞു.
എന്നാൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിന്റെ മറുപടി. അടിപിടി കേസുകളിലെ പ്രതിയാണ് ശരത്തെന്നും പൊലീസ് പറഞ്ഞു. പുതുവത്സര ആഘോഷത്തിനിടെയുണ്ടായ ബഹളത്തിനിടെയാണ് ശരത്തിന് പരിക്കേറ്റതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. ശരത് വർഷങ്ങളായി ചിറക്കേകോട്ടുള്ള അമ്മവീട്ടിലാണ് താമസിക്കുന്നത്. ചിയ്യാരം സ്വദേശിയാണ്.