കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹർത്താലിന്റെ മറവിലുണ്ടായ സംഘർഷങ്ങൾ തടയാൻ സംസ്ഥാന സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി ചോദിച്ചു. ഹർത്താൽ ഗുരുതര പ്രശ്‌നമാണ്.കഴിഞ്ഞ വർഷം കേരളത്തിൽ 97 ഹർത്താലുകൾ നടന്നുവെന്നത് വിശ്വാസിക്കാൻ കഴിയാത്ത കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഹർത്താലുകൾ ഉണ്ടാകുമ്പോൾ കടകൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾക്ക് വേണ്ടി ബിജു രമേശും മറ്റൊരാളും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഹർത്താലുകൾ ഗുരുതര പ്രശ്‌നമാണ്. സംസ്ഥാനത്തിന് കോടികളുടെ നഷ്‌ടമാണ് ഹർത്താൽ മൂലം ഉണ്ടാകുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തിൽ നിരവധി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും ഒരു കാര്യവുമില്ല. ഹർത്താൽ ഇന്നൊരു തമാശയായി മാറിയിരിക്കുകയാണ്. ഹർത്താലുകൾ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ്. ഹർത്താലുകൾക്കെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ അതിൽ എല്ലാവരും പങ്കെടുക്കണമെന്ന് നിർബന്ധിക്കരുത്.
ഹർത്താലുകളുടെ മറവിൽ നടക്കുന്ന അക്രമങ്ങളും ഗൗരവകരമായ വിഷയമാണ്. അക്രമങ്ങൾ തടയാൻ സമഗ്രമായ പദ്ധതികൾ നടത്തണം. ഹർത്താലിന്റെ മറവിൽ നടക്കുന്ന അക്രമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു. ഹർത്താൽ ദിവസം തുറക്കുന്ന കടകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്നായിരുന്നു സർക്കാരിന്റെ മറുപടി. നാളെയും മറ്റന്നാളും തൊഴിലാളി സംഘടനകൾ നടത്തുന്ന ഹർത്താലിൽ കടകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ഹർത്താൽ ദിവസം അക്രമങ്ങൾ തടയാൻ എന്തൊക്കെ നടപടികൾ എടുത്തുവെന്ന് ഉച്ചക്ക് ശേഷം അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.