ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന്(എച്ച്.എ.എൽ) ഒരു ലക്ഷം കോടിയലധികം രൂപയുടെ പ്രതിരോധ കരാർ നൽകിയെന്ന് സഭയെ തെറ്റിദ്ധരിപ്പിതിന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ് നൽകി. കെ.സി വേണുഗോപാൽ എം.പിയാണ് അവകാശലംഘന നോട്ടീസ് നൽകിയത്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചയിൽ മറുപടി പറയുമ്പോൾ എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാർ നൽകിയെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് നോട്ടീസിലെ ആരോപണം. അടിയന്തര പ്രമേയമായി ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസും വേണുഗോപാൽ നൽകിയിട്ടുണ്ട്.
നിർമ്മലാ സീതാരാമൻ സഭയിൽ കള്ളം പറഞ്ഞുവെന്നും എച്ച്.എ.എല്ലിന് കരാറുകൾ നൽകിയിട്ടുണ്ടെങ്കിൽ അതിന് തെളിവ് നൽകണമെന്നും ഇല്ലെങ്കിൽ രാജിവയ്‌ക്കണമെന്നും നേരത്തെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. ആരോപണത്തിന് മറുപടിയുമായി പ്രതിരോധമന്ത്രിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് രാഹുൽഗാന്ധി കള്ളങ്ങൾ വിളിച്ചുപറയുകയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു നിർമ്മലാ സീതാരാമന്റെ മറുപടി.