തിരുവനന്തപുരം: ശബരിമല കർമസമിതി ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ കോഴിക്കോട് പേരാമ്പ്രയിൽ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് മന്ത്രി ഇ.പി.ജയരാജൻ ആരോപിച്ചു. പേരാമ്പ്രയിലെ പള്ളി ഒരുകാരണവശാലും ആക്രമിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സംഭവത്തിൽ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിന് പിന്നിൽ ആർ.എസ്.എസിന്റെ പ്രേരണയുണ്ടെന്നും ആരോപിച്ചു.
പേരാമ്പ്രയിലെ പള്ളി ഒരുകാരണവശാലും ആക്രമിക്കപ്പെടാൻ പാടില്ല. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കും. അവിടെ ആർ.എസ്.എസുകാരാണ് കല്ലെറിഞ്ഞത്. പൊലീസിന്റെ ഭാഗത്ത് നിന്നും ശരിയായ നിരീക്ഷണം അവിടെ നടന്നിട്ടില്ല. ചില ആർ.എസ്.എസുകാരുടെ പ്രേരണകൾ ഇതിന്റെ പിന്നില്‍ പ്രവർത്തിച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ ക്യാമ്പുമായി ബന്ധമുള്ള ചില പൊലീസ് ഓഫീസർമാർ അവിടെയുണ്ട്. സംഭവം ബോധപൂർവം തെറ്റായി വഴിതിരിച്ചുവിടാൻ ശ്രമം നടന്നിട്ടുണ്ട്. സർക്കാർ ഇത് ഗൗരവത്തിലെടുക്കും. സാധാരണ ഗതിയിൽ നടക്കാത്തൊരു കാര്യം എഴുതി ചേർത്ത് എഫ്.ഐ.ആർ നൽകിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. അത് ഒരു ആലോചനയുടെ ഭാഗമായിട്ടാണ് വന്നത്. ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഹർത്താൽ ദിനത്തിൽ നാട്ടിൽ കുഴപ്പങ്ങളുണ്ടാക്കാൻ ഉദ്ദേശിച്ച് പള്ളിക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകനെ പൊലീസ് പിടികൂടിയത് സംസ്ഥാനത്ത് വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ശബരിമല പ്രശ്‌നത്തിന്റെ മറവിൽ നാട്ടിൽ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നുമാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം.