arundhathi-roy-mammotty

മമ്മൂട്ടി ചിത്രത്തിനെതിരെ രൂക്ഷവിമർശവുമായി പ്രശസ്‌ത എഴുത്തുകാരി അരുന്ധതി റോയി രംഗത്ത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തികൾ എന്ന ചിത്രം വംശീയ അധിക്ഷേപം നിറഞ്ഞു നിൽക്കുന്നതാണെന്നാണ് അരുന്ധതി റോയിയുടെ വിമർശം. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കുന്നത്.

'പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനമായ കേരളത്തിലെ ഒരു സിനിമ അടുത്തിടെ കാണാനിടയായി. അബ്രാഹാമിന്റെ സന്തതികൾ എന്ന സിനിമയായിരുന്നു അത്. ചിത്രത്തിൽ വില്ലൻമാരായ ആഫ്രിക്കകാരെ ക്രൂരന്മാരും മണ്ടൻമാരുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആഫ്രിക്കകാർ ഇല്ലാത്ത കേരളത്തിൽ വംശീയത കാണിക്കാൻ വേണ്ടി മാത്രം ഇവരെ ഇറക്കുമതി ചെയ്‌തിരിക്കുകയാണ്. കേരളത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ സമൂഹവും ഇവിടുള്ള കലാകാരന്മാരും സിനിമ നിർമ്മാതാക്കളും നടൻമാരും ഇങ്ങനെ തന്നെയാണ്. ഇരുണ്ട നിറത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാർ ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുന്നു. അതേ കാരണത്താൽ ഇവിടുള്ളവർ ആഫ്രിക്കകാരെ കളിയാക്കുന്നു' അരുന്ധതി റോയി പറയുന്നു.

ഹനീഫ് അദേനിയുടെ തിരക്കഥയിൽ ഷാജി പടൂരാണ് അബ്രഹാമിന്റെ സന്തതികൾ സംവിധാനം ചെയ്‌തത്. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തിയത്. നേരത്തെ കസബ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ നടി പാർവതി നടത്തിയ പരാമർശം ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.