1. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്നം എന്ന് ഹൈക്കോടതി. ഹര്‍ത്താലിന് എതിരെ എന്ത് നടപടി എടുത്തു എന്ന് സര്‍ക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. ഒരുവര്‍ഷത്തിനിടെ 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ പ്രയാസം. സുപ്രീംകോടതി ഇടപെട്ടിട്ടും പരിഹാരം ഉണ്ടായില്ല. കടകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണം എന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. കോടതിയില്‍ ഇതു സംബന്ധിച്ച വാദം തുടരുന്നു. ഹര്‍ത്താല്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്
2. അതിനിടെ, കെ.എസ്.ആര്‍.ടി.സി കേസിലും സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച് ഹൈക്കോടതി. എത്ര റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവുണ്ടെന്ന് ചോദ്യം. പി.എസ്.സി ലിസ്റ്റിലുള്ള എത്രപേര്‍ നിയമന ഉത്തരവ് കൈപ്പറ്റി. എത്രപേരാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത് എന്നും കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതിയുടെ ചോദ്യം
3. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡിന് ഒരു ലക്ഷം രൂപ കരാര്‍ നല്‍കുന്നു എന്ന പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശത്തിന് എതിരെ ലോക് സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ്. കെ.സി വേണുഗോപാല്‍ ആണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയവെ എച്ച്.എ.എല്ലിന് ഒരു ലക്ഷം രൂപയുടെ കരാര്‍ നല്‍കി എന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് നോട്ടീസിലെ ആരോപണം
4. നിര്‍മ്മലാ സീതാരാമന് എതിരെ നേരത്തെ രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തിയിരുന്നു. സഭയില്‍ കള്ളം പറഞ്ഞു എന്നും എച്ച്.എ.എല്ലിന് കരാറുകള്‍ നല്‍കിയിട്ടുണ്ട് എങ്കില്‍ അതിന് തെളിവ് നല്‍കണം എന്നും ഇല്ലെങ്കില്‍ രാജിവയ്ക്കണം എന്നും ആയിരുന്നു ആവശ്യം. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ലമെന്റില്‍ നല്‍കിയിട്ടുണ്ട് എന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി എങ്കിലും വിഷയം സഭയില്‍ ശക്തമായ രീതിയില്‍ ഉന്നയിക്കാന്‍ ആണ് കോണ്‍ഗ്രസ് നീക്കം
5. സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാക്കി നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍. ഹര്‍ത്താല്‍, പണിമുടക്ക് ദിനങ്ങളില്‍ ഉണ്ടാവുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം. വീടുകള്‍, പാര്‍ട്ടി ഓഫീസുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയക്ക് എതിരെയുള്ള അക്രമം തടയാനാണ് നടപടി. ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ട പശ്ചാത്തലത്തില്‍ ആണ് പെട്ടന്നുള്ള നടപടി
6. ശബരിമലയിലെ വരുമാനത്തില്‍ വന്‍ കുറവ്. സീസണില്‍ ഇതുവരെ രേഖപ്പെടുത്തിയത് 73 കോടി രൂപയുടെ കുറവ്. മകരവിളക്ക് സീസണ്‍ ആരംഭിച്ച് ആദ്യ, ആറ് ദിവസത്തെ കണക്കുകളില്‍ മാത്രം ഒന്‍പത് കോടി രൂപയുടെ കുറവുണ്ട്. അപ്പം, അരവണ വില്‍പനയിലാണ് വലിയ ഇടിവുണ്ടായത്. മണ്ഡലം 41 വരെയുള്ള കണക്കുകള്‍ ദേവസ്വം ബോര്‍ഡ് പുറത്തു വിട്ടപ്പോള്‍ 64 കോടി രൂപയുടെ കുറവാണുണ്ടായത്
7. ഇത് മകരവിളക്ക് സീസണില്‍ നികത്തപ്പെടും എന്നായിരുന്നു ബോര്‍ഡിന്റെ പ്രതീക്ഷ. മകരവിളക്ക് സീസണിലെ ആറാം ദിവസം മാത്രം, ഒന്നര കോടിയോളം രൂപയുടെ കുറവുണ്ട്. ആകെ ലഭിച്ചത്. 4.43 കോടി രൂപ. കഴിഞ്ഞവര്‍ഷം ഇത് 5.80 കോടിയായിരുന്നു. കഴിഞ്ഞ ആറു ദിവസങ്ങളില്‍ അരവണ വില്‍പനയില്‍ 79 ലക്ഷം രൂപയുടെ കുറവുണ്ട്. അപ്പം വില്‍പനയില്‍ ലഭിച്ചത്, 96 ലക്ഷം. കഴിഞ്ഞ വര്‍ഷമിത്, 1.58 കോടി രൂപയായിരുന്നു.
8. കാണിയ്ക്കയിലും ഒന്നര കോടി രൂപയുടെ കുറവുണ്ട്. നെയ് വില്‍പനയില്‍ മാത്രമാണ് നേരിയ വര്‍ധനയുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ട് ലക്ഷം രൂപയുടെ വര്‍ധനവുണ്ടായി. മകരവിളക്ക് സീസണ്‍ ആരംഭിച്ച് ഏഴുദിവസം പിന്നിടുമ്പോഴും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍, കാര്യമായ വര്‍ധനവില്ല. സീസണില്‍ ഒരു ലക്ഷത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തിയത് മണ്ഡലകാലത്തിന്റെ അവസാന അഞ്ച് ദിവസങ്ങളില്‍ മാത്രമാണ്.
9. ശബരിമല വിഷയത്തില്‍ ബി.ജെ.പി, സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന തുടര്‍ സമരങ്ങളുടെ നേതൃനിരയില്‍ എന്‍.എസ്.എസിനെ അവരോധിക്കാന്‍ അണിയറ നീക്കം എന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിലപാട് കര്‍ക്കശം ആക്കുന്ന സാഹചര്യത്തില്‍ സമര നേതൃത്വം എന്‍.എസ്.എസ് ഏറ്റെടുക്കണം എന്നാണ് സംഘടനകളുടെ ആവശ്യം. മന്നം ജയന്തി സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഇതുസംബന്ധിച്ച് തീരുമാനം ആയെന്നാണ് വിവരം
10. ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പെരുന്നയിലെത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഹൈന്ദവ സംഘടനകളുടെയും നേതാക്കള്‍ സുകുമാരന്‍ നായരുമായുള്ള കൂടിക്കാഴ്ച്ചയിലും ഈ നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും അടക്കം പെരുന്നയില്‍ എത്തിയിരുന്നു. എസ്.എന്‍.ഡി.പിയും കെ.പി.എം.എസും അടക്കം വലിയൊരു വിഭാഗത്തെ മുന്നില്‍ നിറുത്തി സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ തടയാനും സര്‍ക്കാറിനെ വരുതിയിലാക്കാനും സമരം എന്‍.എസ്.എസ് ഏറ്റെടുക്കണം എന്നായിരുന്നു നിര്‍ദേശം.
11. എന്‍.എസ്.എസിന്റെ തലമുതിര്‍ന്ന നേതാക്കളും ഇക്കാര്യം മുന്നോട്ടു വച്ചിരുന്നു. വിവിധ ക്രൈസ്തവ സഭ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ സുകുമാരന്‍ നായര്‍ ചര്‍ച്ച നടത്തി ഇരുന്നു. സര്‍ക്കാരിന് എതിരായ പടയൊരുക്കം ശക്തമാക്കുന്നതിന്റെ ആദ്യപടിയാണ് സുകുമാരന്‍ നായര്‍ പ്രസ്താവനയുമായി രംഗത്തുവന്നതെന്ന് വിലയിരുത്തല്‍. പ്രസ്താവനയ്ക്ക് എതിരെ ഇടതു നേതാക്കളും മന്ത്രിമാരും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതും വരാനിരിക്കുന്ന ഭവിഷ്യത്ത് മുന്നില്‍ കണ്ടുതന്നെ എന്നു വിവരം