പട്ന: മുസാഫർപൂർ അഭയ കേന്ദ്രത്തിൽ പെൺകുട്ടികളെ നിർബന്ധിച്ച് അശ്ലീല സംഗീതത്തിനോടൊപ്പം നൃത്തം ചെയ്യിപ്പിക്കുകയും മയക്കുമരുന്നു നൽകിയ ശേഷം ബലാത്സംഗം ചെയ്‌തതായും സി.ബി.ഐ അന്വേഷണസംഘം കണ്ടെത്തി. ഇതുസംബന്ധിച്ച് സി.ബി.ഐ 73 പേജടങ്ങുന്ന കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രധാനപ്രതിയും അഭയകേന്ദ്രം നടത്തിപ്പുകാരനുമായ ബ്രജേഷ് താക്കൂറിനെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്.
ബ്രജേഷ് താക്കൂർ ഉൾപ്പെടെ കേസിൽ അഭയകേന്ദ്രം ജീവനക്കാരടങ്ങുന്ന 20 പേരും പ്രതികളായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും വളരെ അടുപ്പമുള്ള പ്രതി അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ ഇവർക്ക് കാഴ്ച്ചവെക്കുക പതിവായിരുന്നു. ഇവരോട് എതിർപ്പ് പ്രകടിപ്പിക്കുന്ന പെൺകുട്ടികളെ മാനസികമായും ശാരീരികമായും പീഢിപ്പിക്കുക പതിവായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
അന്തേവാസികളായ 42 പേരിൽ 34 പേരും ബലാത്സംഗത്തിന് ഇരകളായിരുന്നുവെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നു. കഴിഞ്ഞ വർഷം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്)നടത്തിയ ഓഡിറ്റ് റിപ്പോർട്ടിന്റെ ഭാഗമായി പെൺകുട്ടികളോട് സംസാരിച്ചപ്പോഴാണ് അഭയകേന്ദ്രത്തിലെ ക്രൂരത പുറം ലോകം അറിയുന്നത്. 10 വർഷത്തോളമായി അഭയകേന്ദ്രത്തിൽ തങ്ങൾ പീഢനത്തിന് ഇരകളായി ജീവിക്കുകയാണെന്ന് അന്ന് പെൺകുട്ടികൾ തുറന്ന് പറഞ്ഞിരുന്നു.