കൊല്ലം : ഏറെ നാളായി കൊല്ലം വഴി സഞ്ചരിച്ചിരുന്നവരുടെ സ്വപ്നവും ആവശ്യവുമായിരുന്നു കൊല്ലം ബൈപാസ്. ഗതാഗതകുരുക്കിലമർന്ന കൊല്ലം പട്ടണത്തിൽ പ്രവേശിക്കാതെ തലസ്ഥാനത്തേയ്ക്ക് യാത്ര ചെയ്യാമെന്ന മോഹന വാഗ്ദാനമാണ് ഈ ബൈപാസ് വരുന്നതോടെ യാഥാർത്ഥ്യമാവുന്നത്. എന്നാൽ ബൈപാസ് പണി പൂർത്തിയായതോടെ ഉദ്ഘാടനത്തെ ചൊല്ലിയായി പുതിയ വിവാദം. ബൈപാസിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഇടത് വലത് മുന്നണികൾ തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. അതിനിടയിൽ റോഡിന്റെ പണി പൂർത്തിയായിട്ടും അതിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ നടത്താത്തത് വരുന്ന ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടത്തി അതിന്റെ ഖ്യാതി അടിച്ചെടുക്കാനുള്ള വിദ്യയാണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ബൈപ്പാസിന്റെ വശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാൽ മതിയെന്ന പൊതുമരാമത്ത് മന്ത്രിയുടെ തീരുമാനമാണ് കാരണം എന്ന് വ്യക്തമാക്കിയതോടെ ആ പ്രതിഷേധം തണുത്തു. ഒടുവിൽ അടുത്തമാസം രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു.
എന്നാൽ സംസ്ഥാന സർക്കാരിനെ ഞെട്ടിച്ച് കൊണ്ട് രാജ്യത്തെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി കൊല്ലത്തിന്റെ ചിരകാല സ്വപ്നം രാജ്യത്തിനായി സമർപ്പിക്കുമെന്നാണ് പുതിയ വിവരം. ഈ മാസം കേരള സന്ദർശനത്തിനായി നരേന്ദ്ര മോദി എത്തുമ്പോൾ ബൈപ്പാസ് ഉദ്ഘാടനം നിർവ്വഹിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഇതിനെ കുറിച്ച് കേരള സർക്കാർ പ്രതികരിച്ചിട്ടില്ല. സംസ്ഥാനസർക്കാരും കേന്ദ്രവും 50:50 അനുപാതത്തിൽ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. അതിനാൽ തന്നെ പ്രധാനമന്ത്രിയാണ് ബൈപാസ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന നിലപാടിലാണ് ബി.ജെ.പി. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനും ആദ്യം പ്രധാനമന്ത്രിയെ ക്ഷണിച്ചില്ലെന്ന ആരോപണം ഉയർന്നിരുന്നു. അടുത്തിടെ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് അമിത് ഷാ സഞ്ചരിച്ച വിമാനം ഇറങ്ങാൻ അനുവദിച്ചതും,ടെർമിനലിലൂടെ നടക്കവേ ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞതും സംസ്ഥാനത്ത് ചർച്ചയായിരുന്നു.