ന്യൂഡൽഹി: ശബരിമലയുടെ പേരിൽ സി.പി.എം പ്രവർത്തകൾ കേരളത്തിൽ അക്രമം നടത്തുകയാണെന്നും സംസ്ഥാന സർക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്‌സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്കെതിരെ സി.പി.എം നടത്തിയ അക്രമങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് എം.പിമാരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ കേരളത്തിലെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ വി.മുരളീധരന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ ഇന്ന് രാവിലെ ലോക്‌സഭയ്‌ക്ക് പുറത്ത് ബി.ജെ.പി എം.പിമാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ പിരിച്ച് വിടണമെന്ന ആവശ്യവുമായി ബി.ജെ.പി ലോക്‌സഭയിൽ രംഗത്തെത്തിയത്.
സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തിൽ കയറിയ ഇടത് സർക്കാരുകൾ കേരളത്തിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായ ആക്രമണങ്ങൾ അഴിച്ച് വിടുകയാണ്. രാജ്യസഭാംഗമായ വി.മുരളീധരന്റെ വീട് പോലും ക്രൂരമായി ആക്രമിക്കപ്പെട്ടു. സി.പി.എം ആക്രമണങ്ങളിൽ നിരവധി ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും ജീവൻ നഷ്‌ടമായി. സി.പി.എം കേരളത്തിൽ ഗുണ്ടായിസം കാണിക്കുകയാണ്. ഇതുവരെ ബി.ജെ.പി പ്രവർക്കെതിരെ നടത്തിയ കൊലപാതകങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണം. കേരളത്തിലെ സർക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രമസമാധാനനില പാടെ തകർന്നതിന്റെ വലിയ ഉദാഹരണമാണ് വി.മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. ആക്രമണങ്ങളുണ്ടാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നോക്കിനിന്ന് രസിക്കുകയാണെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. കേരളത്തിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി രാജ്യവർദ്ധൻ സിംഗ് റാഥോർ പറഞ്ഞു. മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പക്ഷപാതപരമായ പ്രസ്‌താവന നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.