loan

കൊച്ചി: കിട്ടാക്കടത്തിന്റെ കുതിപ്പിൽ വിദ്യാഭ്യാസ വായ്‌പകളുടെ പങ്ക് വർദ്ധിക്കുന്നുവെന്ന് ബാങ്കുകൾ. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്റെ (ഐ.ബി.എ) കണക്കനുസരിച്ച് വിദ്യാഭ്യാസ വായ്‌പാ വിഭാഗത്തിലെ നിഷ്‌ക്രിയ ആസ്‌തി 2018 മാർച്ചിൽ 8.97 ശതമാനമായി ഉയർന്നു. 2016 മാർച്ചിൽ ഇത് 7.29 ശതമാനമായിരുന്നു. 2015 മാർച്ചിൽ 5.70 ശതമാനവും.

നഴ്‌സിംഗ് വിദ്യാർത്ഥികളാണ് വിദ്യാഭ്യാസ വായ്‌പകൾ കിട്ടാക്കടമാക്കുന്നതിൽ മുന്നിലുള്ളത്. വിദ്യാഭ്യാസ കിട്ടാക്കടത്തിലെ 21.28 ശതമാനവും നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് നൽകിയ വായ്‌പകളാണ്. 9.76 ശതമാനമാണ് എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പങ്ക്. മെഡിസിൻ കോഴ്സുകൾക്കുള്ള വായ്‌പകളിൽ 6.06 ശതമാനവും എം.ബി.എയ്‌ക്കുള്ള വായ്‌പകളിൽ 5.59 ശതമാനവും കിട്ടാക്കടമാണ്. 2017-18ൽ നഴ്‌സിംഗ് വിദ്യാഭ്യാസ വായ്‌പയായി ബാങ്കുകൾ 2,263 കോടി രൂപ വിതരണം ചെയ്‌തിരുന്നു. തൊട്ടുമുൻവർഷം ഇത് 1,154 കോടി രൂപയായിരുന്നു.

രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (കിട്ടാക്കടം)​ 2017-18ൽ 10.39 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് റിസർവ് ബാങ്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. മൊത്തം വായ്‌പയുടെ 11.2 ശതമാനമാണിത്. തൊട്ടു മുൻവർഷം നിഷ്‌ക്രിയ ആസ്‌തി മൊത്തം വായ്‌പയുടെ 9.3 ശതമാനമായിരുന്നു. മൊത്തം കിട്ടാക്കടത്തിൽ 8.95 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്. പൊതുമേഖലാ ബാങ്കുകളിലെ മൊത്തം വായ്‌പയുടെ 14.6 ശതമാനം കിട്ടാക്കടമാണ്. കഴിഞ്ഞവർഷം ഇത് 11.7 ശതമാനമായിരുന്നു. സ്വകാര്യ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 4.7 ശതമാനമാണ്. 2016-17ൽ ഇത് 4.1 ശതമാനമായിരുന്നു.

₹69,200 കോടി

2018 നവംബറിലെ കണക്കുപ്രകാരം രാജ്യത്തെ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പാ ഇനത്തിൽ വിതരണം ചെയ്‌ത തുക 69,200 കോടി. 2017 നവംബറിൽ ഇത് 71,700 കോടി രൂപയായിരുന്നു. 3.4 ശതമാനമാണ് ഈ വർഷത്തെ കുറവ്.

വായ്‌പാ വിതരണം

താഴേക്ക്

2016-17ൽ എൻജിനിയറിംഗ് പഠിക്കാനായി 6,774 കോടി രൂപ ബാങ്കുകൾ വിതരണം ചെയ്തിരുന്നു. 2017-18ൽ വിതരണം 3,048 കോടി രൂപയായി താഴ്‌ന്നു. എം.ബി.എയ്‌ക്കുള്ള വായ്‌പകൾ 2,097 കോടി രൂപയിൽ നിന്ന് 1,366 കോടി രൂപയായും കുറഞ്ഞു. അതേസമയം, മെഡിക്കൽ വിദ്യാഭ്യാസ വായ്‌പാ വിതരണം 1,360 കോടി രൂപയിൽ നിന്ന് 3,036 കോടി രൂപയായി ഉയർന്നു.

കിട്ടാക്കടക്കാരുടെ

പട്ടിക നൽകാനാവില്ല

കിട്ടാക്കടം വരുത്തിയ കോർപ്പറേറ്ര് സ്ഥാപനങ്ങളുടെ പട്ടിക സെക്യൂരിറ്രീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയ്ക്ക് (സെബി) കൈമാറാനാവില്ലെന്ന് റിസർവ് ബാങ്ക്. കിട്ടാക്കടം വരുത്തിയ കമ്പനികളെല്ലാം വിൽഫുൾ ഡിഫോൾട്ടർമാരുടെ (വായ്‌പാ തിരിച്ചടവിൽ മനഃപൂർവം വീഴ്‌ചവരുത്തുന്നവർ) ഗണത്തിൽപ്പെടില്ല എന്നാണ് ഇതിന് റിസർവ് ബാങ്ക് നൽകുന്ന വിശദീകരണം. ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിടുന്നത് കമ്പനികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

കേസുകൾ മുന്നോട്ട്

2018 ആഗസ്‌റ്ര് വരെയുള്ള കണക്കനുസരിച്ച് വിൽഫുൾ ഡിഫോൾട്ടർമാർക്കെതിരെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആവശ്യപ്പെട്ട് 9,363 കേസുകളാണ് പൊതുമേഖലാ ബാങ്കുകൾ നൽകിയിരിക്കുന്നത്. വിൽഫുൾ ഡിഫോൾട്ടർമാർക്കെതിരെ സർഫാസി ആക്‌ട് പ്രകാരം 7,616 കേസുകളും നിലവിലുണ്ട്.