തിരുവനന്തപുരം: കേരളത്തിലെ ആയിരത്തിലേറെ ക്ഷേത്രങ്ങളുടെ പുണ്യവും മാഹാത്മ്യവും തേടി ഒരു എഴുപത്തിരണ്ടുകാരന്റെ യാത്ര. ക്ഷേത്രങ്ങളുടെ ചരിത്രപരവും ആചാരപരവുമായ വേരുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. പുരാരേഖ വകുപ്പിൽ എഡിറ്റോറിയൽ ആർക്കൈവിസ്റ്റും കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ഇൻഡോളജി അദ്ധ്യാപകനുമായിരുന്ന ഡോ. ആർ. മധുദേവൻനായർ നടത്തിയ യാത്ര പരിസമാപ്തിയിലെത്തുകയാണ്. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള 1250 ക്ഷേത്രങ്ങളിലൂടെയുള്ള ആ യാത്ര പൂർത്തിയാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. 'തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ" എന്ന പുസ്തകത്തിന്റെ നാലാം ഭാഗം പുറത്തിറങ്ങുന്നതോടെ അദ്ദേഹത്തിന്റെ ദൗത്യം പൂർത്തിയാവും. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 318 ക്ഷേത്രങ്ങളെ നാലാം ഭാഗത്തിൽ അടുത്തറിയാം.
പാറശാല അയ്ങ്കാമം ശിവക്ഷേത്രത്തിൽ തുടങ്ങിയ പഠനം അവസാനിച്ചത് തൃശൂർ ചേർപ്പിലുള്ള പെരുവനം പൈങ്കിൽ ദേവീക്ഷേത്രത്തിലാണ്. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം, എത്താനുള്ള വഴി, ചരിത്രവിവരണം, പ്രതിഷ്ഠ, ആചാരാനുഷ്ഠാനങ്ങൾ, പ്രധാന നേർച്ച, വഴിപാടുകൾ തുടങ്ങി എല്ലാ കാര്യങ്ങളും വിശദമാക്കുന്നുണ്ട്.
സി.പി. നായർ ദേവസ്വം കമ്മിഷണറും വി.ജി.കെ. മേനോൻ ബോർഡ് പ്രസിഡന്റുമായിരുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു ഗ്രന്ഥത്തെക്കുറിച്ച് ആലോചിക്കുന്നത്. ആ ദൗത്യം മധുദേവൻനായരിലേക്ക് എത്തുകയായിരുന്നു. ആറ്റുകാൽ കാലടി ജംഗ്ഷന് സമീപം ശ്രീലകത്താണ് മധുദേവൻനായരുടെ താമസം. ഭാര്യ: ശ്രീകുമാരിഅമ്മ. മക്കൾ: മഹേഷ്, മിഥുൻ.
ഏറെ ശ്രമകരം
ഓരോ ക്ഷേത്രത്തെക്കുറിച്ചും കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിച്ചു. നിരന്തരം യാത്രകൾ വേണ്ടിവന്നു. മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായർ, പ്രൊഫ. വാസുദേവൻ പോറ്റി തുടങ്ങിയ പണ്ഡിതരുടെ സഹകരണവും തുണയായി. 2006ൽ അഡ്വ. ജി. രാമൻനായർ ദേവസ്വംബോർഡ് പ്രസിഡന്റായിരിക്കുമ്പോൾ ആദ്യഭാഗം (403 ക്ഷേത്രങ്ങൾ) പ്രസിദ്ധീകരിച്ചു.
ദേവസ്വം ബുക്ക് സ്റ്റാളുകളിൽ വില്പനയ്ക്കെത്തിയ പുസ്തകത്തിന്റെ 1000 കോപ്പിയും ചുരുങ്ങിയ നാളുകൾക്കുള്ളിൽ തീർന്നു. 2009ൽ സി.കെ. ഗുപ്തൻ പ്രസിഡന്റായിരിക്കുമ്പോൾ രണ്ടാംഭാഗവും (293) 2011ൽ അഡ്വ. രാജഗോപാലൻ നായരുടെ കാലത്ത് മൂന്നാം ഭാഗവും (239) പുറത്തിറക്കി.