ന്യൂഡൽഹി: പാർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസർക്കാർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് സംവരണം നടപ്പാക്കാൻ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 10 ശതമാനാണ് സംവരണം ഏർപ്പെടുത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് നാളെ പാർലമെന്റിൽ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം.
സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നാക്ക വിഭാഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. സമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലി എന്നിവയായിരുന്നു ഇവർ ഉന്നയിച്ച ആവശ്യം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ നടപ്പാക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ.
50 ശതമാനത്തിലധികം സംവരണം നൽകരുതെന്നാണ് സുപ്രീംകോടതി വിധി. എന്നാൽ ഇത് 10ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കാനാണ് കേന്ദ്രസർക്കാർ ഉന്നമിടുന്നത്. ഇതിനാണ് കേന്ദ്രസർക്കാർ നാളെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്.
എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് ഈ സംവരണത്തിന്റെ ഗുണം ലഭിക്കുകയെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പാർലമെന്റ് നടക്കുന്നത് കൊണ്ട് സർക്കാർ പുറത്തുവിടുന്നില്ല. അതേസമയം, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നവിടങ്ങളിലെ മുന്നാക്ക വിഭാഗങ്ങളിൽ നിന്നും ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാനാണ് ഈ നീക്കമെന്നും വിലയിരുത്തലുകളുണ്ട്.