mannanthala-karunakaran

2014 ജനുവരി 9ന് അന്തരിച്ച മണ്ണന്തല കരുണാകരന്റെ അഞ്ചാം ചരമവാർഷികം ആചരിക്കുന്ന ഈ സമയത്ത്, അദ്ദേഹം ഭയപ്പെട്ടപോലെ മാടമ്പിവാഴ്ചക്കാലത്തെ അനുസ്മരിപ്പിക്കുന്ന രാഷ്ട്രീയ സാംസ്കാരിക ജീർണതയിലേക്ക് ഇന്ത്യയം കേരളവും തിരിച്ചുനടക്കുന്നതും, അദ്ദേഹം പ്രവചിച്ചതുപോലെ അഭൂതപൂർവമായ വിധത്തിൽ കേരളീയ യുവത്വം സ്ത്രീപുരുഷഭേദമന്യേ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും നവകേരളം കണ്ടുകൊണ്ടിരിക്കുകയാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, വിശദവും സൂക്ഷ്മവുമായ പഠനമോ വിലയിരുത്തലോ ഒന്നും ഈ ചരിത്രപുരുഷനെക്കുറിച്ച് നമ്മുടെ ചരിത്രകാരന്മാർ നടത്തിയിട്ടില്ല. അതിന്റെ കാരണവും അന്വേഷിക്കേണ്ടതാണ്. അദ്ദേഹം ക്രൗഡ് പുള്ളറായ ഒരു പ്രഭാഷകനോ, ഒരു എഴുത്തുകാരനോ കോർപ്പറേഷൻ കൗൺസിലർക്കപ്പുറം വളർന്ന ഒരു ജനപ്രതിനിധിയോ ആയില്ല (അഥവാ ആകാൻ അനുവദിച്ചില്ല) എന്നതടക്കം അനേകം ഘടകങ്ങൾ ചരിത്രത്തിന്റെ അരണ്ടവെളിച്ചത്തിലേക്ക് അദ്ദേഹത്തെ മാറ്റിനിർത്താൻ കാരണമായി എന്ന് അനുമാനിക്കാം. അതേസമയം ചരിത്രത്തിൽ ഇടംതേടിയ എത്രയോപേർ ബലിഷ്ഠമായ ആ തോളത്ത് ചവുട്ടിയാണ് അധികാരക്കസേരകളിലെത്തിയതെന്നും ഓർത്തിരിക്കേണ്ടതാണ്. അതു നിൽക്കട്ടെ. രണ്ടു മൂന്നു പ്രധാന സംഭവങ്ങളാണ് മണ്ണന്തല കരുണാകരന്റെ രാഷ്ട്രീയജീവതവുമായി ബന്ധപ്പെടട് രേഖപ്പെടുത്തുകയോ ഏറെ പറഞ്ഞുപോരുകയോ ചെയ്യാറുള്ളത്.

രണ്ടും കൊടി ഉയർത്തൽ സംഭവങ്ങളാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രഥമ സംസ്ഥാന സമ്മേളനമാണ് ഒന്നാമത്തെ സംഭവം. രണ്ടാമത്തേത് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി 1942 ഓഗസ്റ്റ് 14ന് സെക്രട്ടേറിയറ്റിനു മുകളിലെ ക്ലോക്ക് ടവറിൽ കൊടി ഉയർത്തിയതും. രണ്ടിടത്തും ഉയ‌ർത്തിയത് കോൺഗ്രസിന്റെ മൂവർണക്കൊടിതന്നെ. ഈ നിലയ്ക്ക് കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെ 'പതാകാവാഹൻ' എന്നു നമുക്ക് മണ്ണന്തല കരുണാകരനെ വിശേഷിപ്പിക്കാം. 'ഈ കൊടി ഉയർത്തൽ ഇത്രവലിയ സംഭവമായി പൊക്കിപ്പിടിക്കാനെന്തുള്ളൂ' എന്നു നെറ്റിചുളിക്കുന്നവരോട് ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ കിരാത വാഴ്ചയുടെ ചരിത്രം വായിച്ചുനോക്കൂ എന്നേ പറയാനാവൂ. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ സംസ്ഥാന സമ്മേളനമാണ് 1938 ഡിസംബർ 22 ന് വട്ടിയൂർക്കാവിൽ വച്ചു നടത്താൻ തീരുമാനിച്ചത്. സമ്മേളനം നിരോധിക്കുകയും പ്രസിഡന്റ് പട്ടം താണുപിള്ള ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയുമാണ് സി.പി.ചെയ്തത്. അന്ന് പരുത്തിപ്പാറ പ്രൈമറി സ്കൂളിലെ അധ്യാപകനായിരുന്ന മണ്ണന്തല കരുണാകരൻ സമ്മേളനത്തിന്രെ വാളന്റിയർ കാമ്പിന്റെ കാപ്ടനായിരുന്നു.

പേരൂർക്കടയിലായിരുന്നു കാമ്പ്. പൊലീസ് പട്ടാളവും സമ്മേളനവേദി കീഴടക്കുകയും മൈതാനം വളയുകയും ചെയ്തു.വേദിയും പന്തലുകളും കൊടിതോരണങ്ങളും തകർത്തെറിഞ്ഞു. ജനങ്ങൾ ഭയന്ന് പുറകോട്ട് വലിഞ്ഞു. വെടിവയ്ക്കാനുള്ള ഉത്തരവുവരെ സമ്പാദിച്ച് പൊലീസിന്റെ നില. ഉത്കണ്ഠാകുലമായ ആ നിമിഷങ്ങളിൽ മുദ്രാവാക്യം വിളിയോടെ പെട്ടെന്നിരച്ചു കയറി ജനക്കൂട്ടത്തിന്റെ നടുവിൽ നിന്ന് നാട്ടിയ കമുകിൻകൊടിമരത്തിൽ കുതിച്ചുകയറി മണ്ണന്തല കരുണാകരൻ ത്രിവർണപതാക കെട്ടി. എന്താണ് സംഭവിക്കുന്നതെന്ന് പൊലീസിനും ജനങ്ങൾക്കും തിരിച്ചറിയാൻകഴിയുന്നതിനു മുമ്പ് ദൗത്യം നിർവഹിച്ച് കരുണാകരൻ ആൾക്കൂട്ടത്തിൽ മറഞ്ഞു. മുൻനിശ്ചയപ്രകാരം രണ്ടാംനിര നേതാക്കൾ നിമിഷങ്ങൾകൊണ്ട് സമ്മേളനനടപടികൾ പൂ‌ർത്തിയാക്കി.

പൊലീസ് ലാത്തിചാർജ് നടത്തി ജനങ്ങളെ ഓടിച്ചു. അണ്ടർ ഗ്രൗണ്ടിൽ പ്രവർത്തിക്കാനും അണ്ടർ ഗ്രൗണ്ടിൽ പ്രവർത്തിക്കേണ്ട നേതാക്കൾക്ക് സുരക്ഷിതമായ ഷെൽട്ടറുകൾ കണ്ടെത്താനും മണ്ണന്തല കരുണാകരനുണ്ടായിരുന്ന സവിശേഷ സാമർത്ഥ്യത്തെക്കുറിച്ച് സ്റ്റേറ്റ് കോൺഗ്രസിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും നേതാക്കൾക്ക് വലിയ മതിപ്പുണ്ടായിരുന്നു. (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ റിസർച്ച് ഒാഫീസറും അംബേദ്കർ സമ്പൂർണ കൃതികളുടെ എഡിറ്ററുമാണ് ലേഖകൻ. ഫോൺ: 984742122).