crime

കൊട്ടിയം: പട്ടാപ്പകൽ തയ്യൽക്കാരിയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് സുകുമാരന് വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. വടക്കവിള പള്ളിമുക്ക് വില്ലേജ് ഓഫീസിന് സമീപം അജിതകുമാരി (48) നടത്തിവന്ന ഫൈൻ സ്റ്റിച്ചിംഗ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് ഇയാൾ കടയിലെത്തിയതും കസേരയിൽ നിന്നും എഴുന്നേൽക്കാൻ അനുവദിക്കാതെ തുണികൊണ്ടു വായ് പൊത്തി അജിതകുമാരിയെ ആക്രമിച്ചതും. അതിനാൽ നേരിയ ഒരു നിലവിളി ശബ്ദം മാത്രമായിരുന്നു അടുത്ത കടയിലുള്ളവർ കേട്ടത്. അവർ ഇറങ്ങി വന്നപ്പോഴേയ്ക്കും സ്‌ക്കൂട്ടറിൽ പ്രതി രക്ഷപെട്ടിരുന്നു.

കൃത്യം നടന്ന സമയം മുതൽ ഇന്ന് രാവിലെ വരെയും സുകുമാരന്റെ ഫോൺ ഓഫ് ചെയ്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിഫലമായി . സ്ഥലത്തെ സുരക്ഷ കാമറകളുടെ ദൃശ്യങ്ങളിൽ നിന്നും സുകുമാരന്റെ ഏകദേശ രൂപവും പൊലീസ് മനസിലാക്കി. സംഭവ ദിവസം രാത്രിയോടെ ഇയാൾ താമസിക്കുന്ന കൊല്ലം ആണ്ടാമുക്കത്തെ ലോഡ്ജിൽ പൊലീസെത്തി രണ്ടാം നിലയിലെ മുറി തുറന്നപ്പോൾ രക്തം പുരണ്ട ഷർട്ടുംപാന്റും കണ്ടെടുത്തു. കൂടാതെ എ ടി എം.കാർഡ്, ചെക്ക് ബുക്ക് , രണ്ടു ലക്ഷം രൂപയിൽ അധികം നിക്ഷേപമുള്ള ബാങ്ക് പാസ് ബുക്ക്, പഴ്സ്, മറ്റൊരു സ്ത്രീയുടെ ഫോട്ടോ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.സുകുമാരൻ ഉപയോഗിച്ചിരുന്ന ചുവന്ന കളറിലുള്ള ആക്ടീവ സ്‌ക്കൂട്ടറും പൊലീസ് കണ്ടെത്തി. സ്‌ക്കൂട്ടറിലും രക്തക്കറ പുരണ്ടിരുന്നു.

സുകുമാരന്റെ ശരീരത്തിലും മുറിവേറ്റതായി സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. മുറിയിൽ നിന്നും മുറിവിൽ പുരട്ടാനുള്ള മരുന്ന്, ബാന്റേജ്, പഞ്ഞി എന്നിവയും കണ്ടെടുത്തു. പോളയത്തോട്ടിലെ ഒരു ഹോട്ടലിലെ മാനേജരായി ജോലി നോക്കി വന്ന സുകുമാരൻ ഒരിടത്തും സ്ഥിരമായി തങ്ങുന്ന ആളല്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.സുകുമാരന് തിരുവനന്തപുരത്ത് ഉദിയൻകുളങ്ങരയിൽ ആദ്യ ഭാര്യയും ആ ബന്ധത്തിൽ ഒരു മകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

സുകുമാരനെ അന്വേഷിച്ച് പൊലീസ് ആ വീട്ടിലും തൊട്ടടുത്ത് താമസിക്കുന്ന ഇയാളുടെ സഹോദരിയുടെ വീട്ടിലും എത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ആദ്യ ഭാര്യയുമായി വർഷങ്ങളായി അകന്നു കഴിയുകയാണ് സുകുമാരൻ. പലപ്പോഴും കടയിൽ ചെല്ലുകയും അജിതയോട് പണം ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അജിത സുഹൃത്തുക്കളോടു പറഞ്ഞിരുന്നതായി കൗൺസിലർ സെലീന പറഞ്ഞു. ഇതു സംബന്ധിച്ച് രണ്ട് വർഷം മുമ്പ് അജിതാകുമാരി ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും രമ്യമായി പറഞ്ഞു തീർക്കുകയായിരുന്നു..

അജിതാകുമാരിയുടെ അദ്ധ്വാനത്തിലാണ് രണ്ട് ആൺമക്കളെ വളർത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക്ക്ക് രണ്ടു മണിക്ക് വടക്കേവിള പള്ളിമുക്ക് അക്കര വിള നഗർ 158 എ.യിൽ 'സ്വപ്ന' ത്തിൽ കൊണ്ടുവന്നു.വൈകിട്ട് മൂന്നിന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പോളയത്തോട് ശ്മാശാനത്തിൽ സംസ്‌കരിച്ചു. മക്കളായ കിഷോർ, കിരൺ എന്നിവർ അന്ത്യ കർമ്മങ്ങൾ നടത്തി.