vidya-ajith-kalyani

ബോളിവുഡിലെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് പിങ്ക്. ചിത്രത്തിന്റെ തമിഴ് റീമേക്കിന് കഴിഞ്ഞ 14ന് തുടക്കം കുറിച്ചിരുന്നു. ഹിന്ദിയിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രം തമിഴിൽ അജിത്താണ് അവതരിപ്പിക്കുകയെന്നും തപ്സിയുടെ റോളിൽ നസ്രിയയാകും എത്തുകയെന്നുമുള്ള വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത് വിദ്യാ ബാലനാണ്. ഇക്കാര്യം ചിത്രത്തിന്റെ നിർമ്മാതാവു കൂടിയായ ബോണി കപൂർ സ്ഥിരീകരിച്ചുവെന്നാണ് ഒരു തമിഴ് ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തത്.

പ്രധാന കഥാപാത്രങ്ങളായ മൂന്നു പെൺകുട്ടികളിൽ ഒരാളായി നസ്രിയയ്‌ക്കൊപ്പം എത്തുന്നത് കല്യാണി പ്രിയദർശനാണ്. പ്രശസ്‌ത മാധ്യമ പ്രവർത്തകൻ രംഗരാജ് പാണ്ഡേ പ്രധാന വേഷത്തിലും സംവിധായകൻ ആദിക് രവിചന്ദ്രൻ വില്ലനായും ചിത്രത്തിലെത്തുന്നുണ്ട്. തമിഴ്നാട്ടുകാരിയാണെങ്കിലും വിദ്യയുടെ ആദ്യ തമിഴ് ചിത്രമായിരിക്കും ഇത്. 'തല 59' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.