പട്ടിമറ്റം: സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച കുട്ടിക്കല്യാണം സംബന്ധിച്ച് വധുവായി വന്ന വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയിൽ വരനായി വന്ന വിദ്യാർത്ഥിക്കെതിരെ ജുവനൈൽ കോടതിയിൽ കുന്നത്തുനാട് പൊലീസ് സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് കോടതി നിർദ്ദേശപ്രകാരമാകും അടുത്ത നടപടി. തന്നെ ദേഹോപദ്രവം ഏൽപ്പിച്ചാണ് താലികെട്ട് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. വരനായി വന്ന ആൺകുട്ടിയുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുത്ത ശേഷമായിരിക്കും മറ്റു നടപടികൾ സ്വീകരിക്കുക എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
വീഡിയോയിൽ ഉൾപ്പെട്ട രണ്ടു പേരും പ്രായപൂർത്തിയാകത്തവരായതിനാൽ ജുവൈനൽ കോടതിയുടെ നിർദ്ദേശത്തോടെ മാത്രമേ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങുകയുള്ളൂ.
ഒരാഴ്ച മുമ്പാണ് സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ ഒരാൺകുട്ടി താലി കെട്ടി നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയത്. താലി കെട്ടുന്ന ആൺകുട്ടിയുടെ സുഹൃത്തുകളിൽ ഒരാളെടുത്ത വീഡിയോ ദൃശ്യം ആദ്യം പോസ്റ്റ് ചെയ്തത് ആരെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. വീഡിയോ ദൃശ്യം നിരവധി പേർ ഷെയർ ചെയ്തതോടെ കേരള പൊലീസ് സൈബർ വിഭാഗം കർശന താക്കീതുമായി രംഗത്ത് വന്നിരുന്നു. വീഡിയോ ഷെയർ ചെയ്താൽ ക്രിമിനൽ കേസെടുക്കുമെന്ന മുന്നറിയിപ്പും പൊലീസ് സമൂഹ മാദ്ധ്യമങ്ങളിൽ നൽകിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ കണ്ട പെൺകുട്ടിയുടെ വീട്ടുകാർ ആദ്യം കുട്ടിക്കളിയായി കണ്ടെങ്കിലും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.