കൊച്ചി: മുൻകൂർ നോട്ടീസ് നൽകാതെ ഇനിമുതൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതി. ഹർത്താലിനെതിരെ കേരളാ ചേംബർ ഒഫ് കൊമേഴ്സും മലയാളവേദിയും നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി പരാമർശം. ജനങ്ങളുടെ മൗലികാവകാശത്തെ സമരങ്ങൾ ബാധിക്കരുത്. അതുകൊണ്ട് ഏഴ് ദിവസം മുമ്പ് മുൻകൂർ നോട്ടീസ് നൽകണമെന്നും ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.
ഹർത്താലിനെ തുടർന്നുണ്ടാകുന്ന നാശഷ്‌ടങ്ങൾക്ക് അത് ആഹ്വാനം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഉത്തരവാദിത്വമുണ്ട്. അത്തരത്തിലുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്കുള്ള പണം ഇവരിൽ നിന്ന് ഈടാക്കുമെന്നും കോടതി പരാമർശിച്ചു.
തുടർച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹർത്താലുകളിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. സുപ്രീം കോടതിയടക്കം പല തവണ ഇടപെട്ടിട്ടും ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷം 97 ഹർത്താൽ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. ഇത് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
നാളത്തെ ഹർത്താലിനെ നേരിടാൻ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. പണിമുടക്കിൽ തുറക്കുന്ന കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർത്താലിനെ നേരിടാൻ സമഗ്രപദ്ധതി തയ്യാറാക്കും. ഇതിനായി എല്ലാ ജില്ലാകളക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.