കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ദേശീയപതാക ഉയർത്താനുള്ള കൊടിമരത്തിന്റെ നിർമ്മാണം തുടങ്ങി. സ്റ്റേഷന്റെ പടിഞ്ഞാറെ പ്രവേശന കവാടത്തിലാണ് കൊടിമരം നിർമ്മിക്കുന്നത്. മൂന്നാഴ്ചകൊണ്ട് പണി പൂർത്തിയാക്കും. സ്റ്റീലിൽ നിർമ്മിക്കുന്ന കൊടിമരത്തിന്റെ ഫാബ്രിക്കേഷൻ ജോലിയും മറ്റും ഡൽഹി ആസ്ഥാനമായ ബജാജ് എന്ന സ്ഥാപനത്തിനാണ് കരാർ. 10 ലക്ഷത്തിലധികം രൂപയാണ് ചെലവ്.
എല്ലാ എ വൺ ഗ്രേഡ് റെയിൽവേ സ്റ്റേഷനുകളിലും 100 അടി ഉയരത്തിൽ കൊടിമരം സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം ജംഗ്‌ഷൻ, തിരുവനന്തപുരം സ്റ്റേഷനുകളിൽ കൊടിമരം സ്ഥാപിക്കുന്നത്. ഡിസംബർ 31നകം എല്ലാ സ്റ്റേഷനുകളിലും കൊടിമരം സ്ഥാപിക്കാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും സെക്കന്തരാബാദിൽ മാത്രമേ നടപ്പാക്കാൻ കഴിഞ്ഞുള്ളൂ. യാത്രക്കാരിൽ ദേശീയബോധം വളർത്താനാണ് പ്രധാന സ്റ്റേഷനുകളിൽ ദേശീയപതാക ഉയർത്തുന്നത്.