it

ന്യൂഡൽഹി: റദ്ദാക്കിയ ഐ.ടി നിയമത്തിലെ സെക്ഷൻ 66 എയുടെ ഭാഗമായി ഇപ്പോഴും അറസ്റ്റുകൾ നടത്തുന്നതിൽ സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഈ നിയമത്തിന്റെ പേരിൽ നടക്കുന്ന അറസ്റ്റുകളെ തടയാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്‌തില്ലെന്നും, ഈ നിയമം പറഞ്ഞ് അറസ്റ്റ് നടത്തുന്നവരെ ജയിലിൽ അടയ്‌ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീം കോടതി 2015ൽ ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി കണ്ട് റദ്ദാക്കിയിരുന്നു. നിയമം അവ്യക്തവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതുവരെ 22 പേർ ഈ നിയമത്തിന്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഭരണഘടനാ വിരുദ്ധമെന്നു കണ്ട് കോടതി റദ്ദാക്കിയ ഒരു നിയമത്തെ വീണ്ടും കൊണ്ടുവരുന്ന പ്രവൃത്തി ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് കോടതി നാല് ആഴ്ച്ച സമയം നൽകി.

ഭിന്നശബ്ദങ്ങളെയും, അഭിപ്രായസ്വാതന്ത്ര്യത്തെയും, ഇന്റർനെറ്റിലുള്ള അഭിപ്രായപ്രകടനത്തെയും നിയമം കുറ്റമായി ചിത്രീകരിക്കുന്നു എന്നതാണ് 66 എയ്ക്കെതിരെ ഉയർന്ന പ്രധാന വിമർശനം. നിയമം അവ്യക്തമാണെന്നും, പൊലീസുകാർക്ക് ദുരുപയോഗംചെയ്യാൻ അവസരമൊരുക്കുന്നു എന്നും നേരത്തെ വിമർശകർ കുറ്റപ്പെടുത്തിയിരുന്നു.