മുംബയ്: കേന്ദ്ര സർക്കാരിന് ഇടക്കാല ലാഭവിഹിതമായി റിസർവ് ബാങ്ക് 30,000 കോടി മുതൽ 40,000 കോടി രൂപ വരെ നൽകിയേക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി ബഡ്‌ജറ്ര് അവതരിപ്പിക്കുമെന്നിരിക്കേ, ലാഭവിഹിതം നൽകുന്നത് സംബന്ധിച്ച് റിസർവ് ബാങ്കിന്റെ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. എന്നാൽ, ഇതേക്കുറിച്ച് റിസർവ് ബാങ്കോ കേന്ദ്രസർക്കാരോ പ്രതികരിച്ചിട്ടില്ല.
ധനക്കമ്മി നടപ്പു സാമ്പത്തിക വർഷം ജി.ഡി.പിയുടെ 3.3 ശതമാനമായി നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്ക് ശക്തിപകരുന്നതാണ് ഇടക്കാല ലാഭവിഹിതം നൽകാനുള്ള റിസർവ് ബാങ്കിന്റെ നീക്കം. ഈ വർഷം നികുതി വരുമാനത്തിൽ കേന്ദ്രസർക്കാർ ഒരുലക്ഷം കോടിയോളം രൂപയുടെ കുറവ് നേരിടുമെന്നിരിക്കേ, മാർച്ചിന് മുമ്പ് ലാഭവിഹിതം ലഭ്യമായാൽ പ്രതിസന്ധി ഒരുപരിധി വരെ മറികടക്കാനാകുമെന്ന് ധനമന്ത്രാലയവും വിലയിരുത്തുന്നു.
ജൂലായ്-ജൂൺ കലണ്ടർ പിന്തുടരുന്ന റിസർവ് ബാങ്ക് കഴിഞ്ഞവർഷം സർക്കാരിന് നൽകിയ ലാഭവിഹിതം 10,000 കോടി രൂപയാണ്. ധനക്കമ്മി നിയന്ത്രണം ശ്രമകരമായ പശ്‌ചാത്തലത്തിൽ ഇത്തവണയും സർക്കാർ ഇടക്കാല ലാഭവിഹിതം തേടുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ലാഭവിഹിതം, കരുതൽ ധനശേഖരത്തിലെ ഒരു വിഹിതം കൈമാറൽ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രവും റിസർവ് ബാങ്കും തമ്മിലുണ്ടായ കനത്ത പോരിന് താത്കാലിക ശമനമേകുന്നതുമാണ് റിസർവ് ബാങ്കിന്റെ പുതിയ നീക്കം.
കേന്ദ്രവും റിസർവ് ബാങ്കും തമ്മിലെ പോരിനെ തുടർന്നാണ്, ഗവർണർ ഉർജിത് പട്ടേൽ രാജിവച്ചതും തത്‌സ്ഥാനത്തേക്ക് മുൻ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് എത്തിയതും. ലാഭവിഹിതം, കരുതൽ ധനശേഖരം എന്നിവ സംബന്ധിച്ച് പഠിക്കാനായി കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് മൂലധന ചട്ട പരിഷ്‌കരണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.