-kerala-police

തിരുവനന്തപുരം: മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നാളെയും മറ്റന്നാളും തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് ഹർത്താലായി മാറരുതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. പണിമുടക്ക് ഹർത്താലാക്കി മാറ്റാൻ ശ്രമിച്ചാൽ ശക്തമായി നേരിടണം. സ്‌കൂൾ, വ്യാപാര സ്ഥാപനങ്ങൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണം. അക്രമമുണ്ടായാൽ ശക്തമായി അടിച്ചമർത്തണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയ സർക്കുലറിൽ ഡി.ജി.പി ആവശ്യപ്പെട്ടു. ഹർത്താലുകൾക്കെതിരെ ഹൈക്കോടതി കർശന നിലപാടെടുത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നിർണായക നീക്കം.

കേന്ദ്രസർക്കാരിനെതിരെ വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് രാത്രി 12 മണിക്കാണ് തുടങ്ങുന്നത്. കഴിഞ്ഞ ദിവസത്തെ ഹർത്താൽ അക്രമങ്ങൾ കണക്കിലെടുത്ത് വാഹനങ്ങൾ തടയില്ലെന്നും കടയടപ്പിക്കില്ലെന്നും നേതാക്കൾ പറയുമ്പോഴും, പന്ത്രണ്ടിലധികം തൊഴിലാളി സംഘടനകൾ പങ്കെടുക്കുന്ന പണിമുടക്ക് ഹർത്താലായി മാറാനാണ് സാദ്ധ്യത. ട്രെയിൻ ഗതാഗതവും തടസപ്പെടുമെന്നാണ് സൂചന. പണിമുടക്ക് ആരംഭിക്കുന്ന ഇന്ന് രാത്രി 12 മണിക്ക് എല്ലാ സമര കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും. പുലർച്ചെ 5 മണിയോടെ എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ തടയും. രാവിലെ പത്തരയോടെയാണ് ഔദ്യോഗിക ഉദ്ഘാടനം. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിനു സമീപത്തെ പ്രധാന സമരപന്തലിൽ രണ്ടായിരത്തോളം തൊഴിലാളികൾ 48 മണിക്കൂർ ധർണയിരിക്കും.മറ്റു ജില്ലകളിലെ തൊഴിലാളികൾ അതത് മണ്ഡലം കേന്ദ്രങ്ങളിലെ സമരങ്ങളിൽ പങ്കെടുക്കും.

അതേസമയം, പൊതുപണിമുടക്ക് നടക്കുന്ന നാളെയും മറ്റന്നാളും വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ദേശീയ പണിമുടക്കിന് അക്രമസ്വഭാവം ഉണ്ടാകില്ലെന്നും നിർബന്ധപൂർവം കടകമ്പോളങ്ങൾ അടപ്പിക്കില്ലായെന്നും ഉള്ള ഉറപ്പ് ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും തൊഴിലാളികളുടെ ദേശീയ പണിമുടക്കിന് ധാർമ്മിക പിന്തുണയുണ്ടാകുമെന്നും സമിതി അറിയിച്ചു.