രാജാവിന്റെ മകൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളെ കുറിച്ച് പറയുമ്പോൾ മോഹൻലാലിനൊപ്പം പ്രേക്ഷകരുടെ മനസിൽ ഓടിയെത്തുന്ന പേരാണ് സുരേഷ് ഗോപിയുടേതും. ഇരുവരും തമ്മിലുള്ള രസതന്ത്രം ആരാധകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. സൂപ്പർതാരങ്ങൾ തീർത്ത ആ മാജിക്കിതാ പുനർ സൃഷ്‌ടിക്കാനൊരുങ്ങുകയാണ് താരപുത്രന്മാരായ പ്രണവും ഗോകുലും. പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു സുപ്രധാന കഥാപാത്രമായി ഗോകുൽ സുരേഷും എത്തുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകനായ അരുൺ ഗോപി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.
'ആർക്കും തന്നെ മറക്കാനാകാത്ത സ്ക്രീൻ മാജിക്കാണ് ഇതിഹാസ താരങ്ങളായ മോഹൻലാലും സുരേഷ് ഗോപിയും ഇരുപതാംനൂറ്റാണ്ടിൽ സൃഷ്‌ടിച്ചിട്ടുള്ളത്. ചരിത്രം ആവർത്തിക്കപ്പെടാനുള്ളതാണ്. പ്രിയപ്പെട്ട ഗോകുൽ സുരേഷ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുവെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ആ പഴയ മാജിക്ക് വീണ്ടും ആവർത്തിക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാതതിരിക്കുന്നു'- അരുൺ ഗോപി കുറിച്ചു.
ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. ഇതിനായി താരം പ്രത്യേക പരിശീലനം നേടിയിരുന്നു.
പീറ്റർ ഹെയ്‌നാണ് ചിത്രത്തിനായി ആക്ഷൻ ഒരുക്കുന്നത്. വമ്പൻ ആക്ഷൻ സീനുകൾ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.