ന്യൂഡൽഹി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്നടക്കം കോടികളുടെ വായ്‌പയെടുത്ത് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ ഈ വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചെത്തിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇപ്പോൾ ബ്രിട്ടണിലുള്ള മല്യയെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാൻ നയതന്ത്രബന്ധങ്ങൾ പരമാവധി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. മല്യയെ ബ്രിട്ടണിൽ നിന്നും നാട് കടത്തുന്നതിനുള്ള സമ്മർദ്ധം ശക്തമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മല്യയെ പിടികിട്ടാപുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത് ഇതിന്റെ തുടക്കമാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് അഴിമതിക്കെതിരെ പോരാടുന്ന കേന്ദ്രസർക്കാരിന്റെ കിരീടത്തിലെ പൊൻതൂവലാണെന്നാണ് ബി.ജെ.പി വൃത്തങ്ങൾ അവകാശപ്പെടുന്നത്. അതേസമയം, കഴിഞ്ഞ യു.പി.എ സർക്കാരിന്റെ തണലിലാണ് മല്യ ഇത്രയും വലിയ തട്ടിപ്പുകാരനായി വളർന്നതെന്ന് ബി.ജെ.പി വക്താവ് സംപിത് പത്ര ആരോപിച്ചു. പാപ്പരായി പ്രഖ്യാപിക്കുന്നതിന് പകരം വീണ്ടും വീണ്ടും വായ്‌പ അനുവദിക്കുകയാണ് കോൺഗ്രസ് സർക്കാർ ചെയ്‌തത്. രാജ്യത്തിന്റെ 9000 കോടി രൂപയുമായാണ് അയാൾ ഇന്ത്യ വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും കോടികളുടെ വായ്‌പയെടുത്തു മുങ്ങിയ മല്യ ഇപ്പോൾ ലണ്ടനിലാണ് കഴിയുന്നത്. മുൻപ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തെങ്കിലും ഉടനെ ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം, ഇന്ത്യയിലെത്തിച്ചാൽ മല്യയെ പാർപ്പിക്കാൻ ഉദേശിക്കുന്ന ആർതർ റോഡ് ജയിലിൽ ഒരുക്കിയിരിക്കുന്നത് ടെലിവിഷൻ, സ്വകാര്യ ശുചിമുറി, കിടക്ക, വസ്ത്രങ്ങൾ കഴുകാനുള്ള സ്ഥലം, മുറ്റം എന്നിങ്ങനെയുള്ള ആഡംബര സൗകര്യങ്ങളാണ്.