കോഴിക്കോട്: ഹർത്താലുകളും മറ്റു സമരങ്ങളും കാരണം വിദ്യാർത്ഥികൾക്ക് പഠനം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വിദ്യാലയ കൂട്ടായ്മ രൂപീകരിച്ചു.ഹർത്താൽ ദിവസങ്ങളിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ സംരക്ഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണും. കോഴിക്കോട്ട് ചേർന്ന സി.ബി.എസ്.ഇ, അൺ എയ്‌ഡഡ്, എയ്‌ഡഡ് റെക്കഗ്‌നൈസ്‌ഡ് സ്‌കൂളുകാരുടെ സംയുക്ത കൺവെൻഷനാണ് ഈ തീരുമാനം എടുത്തത്.
പാൽ, ആശുപത്രി, പത്രം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുന്നതുപോലെ സ്‌കൂളുകളെയും ഒഴിവാക്കണമെന്ന് യോഗം പ്രമേയം വഴി എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആവശ്യപ്പെട്ടു. സ്‌കൂളുകൾക്ക് മതിയായ സംരക്ഷണം സർക്കാർ നൽകണം. രക്ഷാകർത്താക്കളുടെ സഹകരണം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.നിർബന്ധിത സമരങ്ങൾ മൂലം പഠനനിലവാരം കുറയുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒറ്റക്കെട്ടായി നിർബന്ധിത ഹർത്താലുകളെ ചെറുക്കാനാണ് തീരുമാനം.
കേരളത്തിലെ പഠനനിലവാരം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. മുഖ്യകാരണം പഠന ദിവസങ്ങൾ കിട്ടാത്തതാണെന്ന് യോഗം വിലയിരുത്തി. അഖിലേന്ത്യാ സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.
വിദ്യാഭ്യാസ നിലവാരത്തകർച്ചമൂലം യുവതലമുറയുടെ ഭാവിതന്നെ അപകടത്തിലാവും.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സ്‌കൂൾ വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ പരിശ്രമം അനിവാര്യമായ സാഹചര്യത്തിലാണ് കൂട്ടായ്മയ്ക്ക് രൂപം നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു..
ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.എ.കുട്ട്യാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മറ്റി സംസ്ഥാന പ്രസിഡന്റ് നിസാർ ഒളവണ്ണ മുഖ്യ പ്രഭാഷണം നടത്തി. കോ-ഓർഡിനേഷൻ സെക്രട്ടറി പി.കെ.മുരളീധരമേനോൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.എ.ആലിക്കോയ, പി.ശങ്കരൻ നടുവണ്ണൂർ, വി.മാധവിദേവി, ബി.എസ്.കുമാർ, വി.അബ്ദുസ്സലാം, വി.ഹാഷിം തുടങ്ങിയവർ പ്രസംഗിച്ചു.