kerala-climate

തിരുവനന്തപുരം: ഇപ്പോൾ കേരളത്തിൽ അനുഭവപ്പെടുന്നത് കഴിഞ്ഞ 30 വർഷത്തെ ഏറ്റവും വലിയ തണുപ്പാണ്. മൂന്നാറിൽ തണുപ്പ് പൂജ്യത്തിലും താഴെ മൈനസ് മൂന്നായി. ശബരിമലയിൽ 16ഡിഗ്രിയായി. സാധാരണ ജനമേഖലകളിൽ പുനലൂരിലാണ് ഇൗ വർഷത്തെ റെക്കോഡ് തണുപ്പ്.16.2 ഡിഗ്രി. മുപ്പതുവർഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു ഈ കാലയളവിലെ ഏറ്റവും വലിയ തണുപ്പ്.


ഡിസംബറിൽ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരിയിൽ തീരും.19ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില.ഒന്നോ, രണ്ടോ ഡിഗ്രിയാണ് സാധാരണ കുറയുന്നത്. ഇൗ വർഷം നാലു ഡിഗ്രിയോളം കുറഞ്ഞു. പുനലൂരിൽ 4.4, കോട്ടയത്ത് 4.1, തിരുവനന്തപുരത്ത് 1.2 എന്ന തരത്തിലാണ് താപനില കുറഞ്ഞത്. കണ്ണൂർ, ആലപ്പുഴ, കോട്ടയം,കോഴിക്കോട് മേഖലകളിൽ പുലർകാലത്ത് കടുത്ത തണുപ്പുണ്ട്. അപ്രതീക്ഷിതമായെത്തിയ ഈ കൊടും തണ്ണുപ്പ് പലതരം ആശങ്കകൾക്ക് വഴിവച്ചെങ്കിലും അതെല്ലാം തള്ളിക്കളയുകയാണ് കാലാവസ്ഥാ വിദ​ഗ്ദ്ധർ. കുറഞ്ഞ താപനിലയ്ക്ക് പ്രളയവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. വരൾച്ചയുടെ മുന്നോടിയാണെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല. വേനൽമഴയാണ് വരൾച്ച നിർണ്ണയിക്കുക. മേഘങ്ങൾ വ്യാപിച്ചാൽ തണുപ്പു കുറയുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

എന്നാൽ, പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തി വഴിയെത്തിയ വെസ്റ്റേൺ ഡിസ്രറർബൻസ് അഥവാ പടിഞ്ഞാറൻ കാറ്റാണ് ഇപ്പോഴത്തെ തണുപ്പിന് വഴി വച്ചത്. സാധാരണ ഈ കാറ്റ് വടക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് വീശാറുള്ളത്. എന്നാൽ ഇത്തവണ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമെത്തി. ഈ വരണ്ട കാറ്റ് പശ്ചിമഘട്ട പർവ്വതനിരകൾ ആഗിരണം ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന പ്രതിഭാസമാണ് തണുപ്പു കൂടാൻ കാരണം. മഴ മേഘങ്ങൾ അകന്ന് ആകാശം തെളിഞ്ഞതും കാറ്റിന് കരുത്തേക്കി.

ഡൽഹിയിൽ 9 ഡിഗ്രിയും മഹാരാഷ്ട്രയിൽ 5.9 ഡിഗ്രിയുമാണ് താപനില. വരണ്ട ഹിമകാറ്റ് പശ്ചിമഘട്ടപർവതനിരകൾ ആഗിരണം ചെയ്യുന്നതിനെ തുടർന്നുണ്ടാകുന്ന പ്രതിഭാസമാണ് ഇവിടെ തണുപ്പുണ്ടാക്കുന്നത്. ഇത് ഒരാഴ്ചകൂടി ഇതേനിലയിൽ തുടരും.