rahul-gandhi

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ചർച്ചയ്‌ക്ക് വെല്ലുവിളിച്ചു. റാഫേലിൽ 15 മിനിറ്റ് സംവാദത്തിന് പ്രധാനമന്ത്രി തയ്യാറുണ്ടോയെന്ന് രാഹുൽ ചോദിച്ചു. പ്രധാനമന്ത്രി എന്ത്കൊണ്ട് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നില്ല? പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വീണ്ടും കളവ് പറയുകയാണ്. എയർ ഫോഴ്സിലെയോ പ്രതിരോധ മന്ത്രാലയത്തിലെയോ മുതിർന്ന ഉദ്യോഗസ്ഥർ റാഫേൽ കരാരിൽ ഇടപെട്ടിരുന്നോയെന്ന് പ്രധാനമന്ത്രിയോടും, പ്രതിരോധമന്ത്രിയോടും വീണ്ടും ചോദിക്കുകയാണ്. ചോദ്യങ്ങൾക്ക് അതെ, അല്ല ഇവയിലേതെങ്കിലും ഉത്തരം നൽകിയാൽ മതിയെന്നും രാഹുൽ വ്യക്തമാക്കി.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന്(എച്ച്.എ.എൽ) ഒരു ലക്ഷം കോടിയലധികം രൂപയുടെ പ്രതിരോധ കരാർ നൽകിയെന്ന് സഭയെ തെറ്റിദ്ധരിപ്പിതിന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനെതിരെ നേരത്തെ അവകാശലംഘന നോട്ടീസ് നൽകിയിരുന്നു. ഇതിന് പിറകെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. താൻ കഴിഞ്ഞ ദിവസം പറഞ്ഞത് സഭ തെറ്റായി വ്യാഖ്യാനിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു. 'ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന് 27,600 കോടിയുടെ കരാർ കിട്ടിക്കഴിഞ്ഞു. ഇപ്പോൾ 75,000 കോടിയുടെ കരാർ നടപടികൾ തുടരുകയാണ്. ഈ കാര്യം തെറ്റായ രീതിയിലാണ് സഭയിൽ പ്രചരിച്ചത്. വിഷയത്തിൽ കോൺഗ്രസിന്റെ ആരോപണം തള്ളിക്കളയുന്നു'വെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.