nss

കോട്ടയം: ശബരിമല പ്രശ്നം എല്ലാ മത-സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട വിഷയമായി എൻ.എസ്.എസ് ഉയർത്തിക്കൊണ്ടുവന്നതിനെ പിന്തുണച്ച് കത്തോലിക്ക സഭ രംഗത്തുവന്നതോടെ അണിയറയ്ക്കു പിന്നിൽ രണ്ടാം വിമോചന സമരമെന്ന പ്രചാരണം ശക്തമായി. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വിമോചന സമരത്തിന് തുടക്കമിട്ടത് ചങ്ങനാശേരിയിലായിരുന്നു. ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ പിന്തുണച്ച് കത്തോലിക്ക സഭ ചങ്ങനാശേരി അതിരൂപത രംഗത്തെത്തിയതിന് വലിയ പ്രാധാന്യമാണ് രാഷ്ടീയ നിരീക്ഷകർ നൽകുന്നത്.

വിശ്വാസങ്ങളും ആചാരങ്ങളും അവമതിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി അതിരൂപതാദ്ധ്യക്ഷൻ ജോസഫ് പെരുന്തോട്ടം എൻ.എസ്.എസ് നിലപാടിനെ പിന്തുണച്ചതിന് പിറകേ സഹായ മെത്രാൻ മാർ തോമസ് തറയിൽ കഴിഞ്ഞ ദിവസം പെരുന്നയിലെത്തി ജി.സുകുമാരൻ നായരുമായി ചർച്ച നടത്തി. ശബരിമല വിഷയത്തിൽ വിശ്വാസികളെല്ലാം ഒന്നാണെന്ന സൂചനയാണ് കത്തോലിക്കാ സഭ നൽകുന്നത്. ശബരിമലയിലെ സ്ഥിതി മതവിശ്വാസികളെ ഒന്നാകെ ആകുലപ്പെടുത്തുന്നതാണ്. പൊതുസമൂഹത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കും ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങൾ ചെയ്ത സേവനങ്ങൾ വലുതായതിനാൽ ഈ വിഭാഗങ്ങളെ മാറ്റിനിർത്തി കേരളചരിത്രവും നവോത്ഥാനവും വിലയിരുത്തുന്നത് വികലമായിരിക്കുമെന്നായിരുന്നു സുകുമാരൻ നായർ അഭിപ്രായപ്പെട്ടത്.

സമുദായമൈത്രി കേരളസമൂഹത്തിന്റെ മുഖമുദ്ര ആയതിനാൽ ദൈവവിശ്വാസവും ആചാരങ്ങളും അവമതിക്കപ്പെടുന്നതിനെതിരെ എല്ലാ സമുദായങ്ങളും ഒന്നിച്ചുനിൽക്കണമെന്നാണ് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടത്. ശബരിമല വിഷയത്തിൽ ശക്തമായി മുന്നോട്ട് പോകാൻ എൻ .എസ് .എസിന് കരുത്ത് പകരുന്നതാണ് ചങ്ങനാശ്ശേരി രൂപതയുടെ ഇടപെടൽ. തലമുറകളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസപൈതൃകങ്ങളും ആചാരസംഹിതകളും തെരുവിൽ ചർച്ച ചെയ്യപ്പെടുന്ന പ്രവണത ഒഴിവാക്കപ്പെടണം. വിശ്വാസപ്രമാണങ്ങളെയും ശിക്ഷണക്രമങ്ങളെയും ബാഹ്യസമ്മർദ്ദങ്ങളും അധികാരവുമുപയോഗിച്ച് താറുമാറാക്കാൻ ശ്രമിക്കുന്നത് പൊതുസമാധാനത്തിന് വിഘാതമാണെന്നാണ് ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടത് .

ശബരിമല കർമസമിതി ഇതിനിടെ പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് മാർച്ചിന്റെ പേര് 'രണ്ടാം വിമോചനയാത്ര' എന്നിട്ടതും ശ്രദ്ധേയമാണ്. വിദ്യാഭ്യാസമേഖലയിലെ സർക്കാർ ഇടപെടലിനെതിരെ 1959 മേയ് ഒന്നിന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള പ്രമേയം സമുദായിക നേതാക്കൾ ചേർന്നു ചങ്ങനാശ്ശേരിയിൽ പാസാക്കിയതായിരുന്നു ഒന്നാം വിമോചന സമരത്തിന്റെ തുടക്കമായത് . വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടേയും, ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിന്റേയും മദ്ധ്യസ്ഥതയിൽ നടന്ന പ്രശ്നപരിഹാര ചർച്ച വിജയിച്ചില്ല . തുടർന്ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വിമോചനസമരസമിതി രൂപീകരിച്ചു. ഇ.എം.എസ് മന്ത്രിസഭയെ പുറത്താക്കും വരെ വിമോചന സമരം തുടർന്നു. ഈ ചരിത്രം ഓർമിപ്പിക്കുന്ന കൂടിക്കാഴ്ച പെരുന്നയിൽ നടന്നുവെന്നാണ് പ്രചാരണം.