കോഴിക്കോട് :പേരാമ്പ്രയിൽ സി.പി.എം നേതാവ് പള്ളി ആക്രമിച്ച കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ് ജില്ലാ കൺവെൻഷൻ മുന്നറിയിപ്പു നൽകി.
ടി.പി വധത്തിനും ഫസൽ കൊലയ്ക്കും ശേഷം സി.പി.എം നടത്തുന്ന ഹീനൽൽനീക്കങ്ങളുടെ തുടർച്ചയാണ് പേരാമ്പ്രയിലെ ആക്രമണം. ഹർത്താൽ ദിവസം വൈകിട്ടാണ് സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പള്ളി ആക്രമിക്കപ്പെട്ടത്. സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് മന്ത്രി ഇ.പി ജയരാജൻ ആരോപിക്കുന്നത്. ഹിന്ദു- മുസ്ലിം കലാപമായിരുന്നു സി.പി.എം ലക്ഷ്യമെന്ന് പൊലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി.
മതസ്പർദ്ധ വളർത്തിയും ലഹളകൾ സൃഷ്ടിച്ചും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന സർക്കാരിന്റെ തനിനിറം ജനങ്ങൾ തിരിച്ചറിയുമെന്ന് യോഗം വിലയിരുത്തി. ഹർത്താൽ നടത്തിയ സംഘപരിവാറിനെ കയൂരിവിട്ട് പൊലീസിനെ നിഷ്‌ക്രിയമാക്കിയ സി.പി.എം, മുസ്ളിം പള്ളി ആക്രമിച്ച് വർഗീയ കലാപത്തിന് വഴിമരുന്നിടുകയായിരുന്നു എന്നും യോഗം ആരോപിച്ചു.
മുസ്ളിം ലീഗ് പാർലമെന്റി പാർട്ടി ഡെപ്യൂട്ടി ലീഡർ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ എ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ അഡ്വ.പി ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. എം.എ റസാഖ് മാസ്റ്റർ സ്വാഗതവും എൻ.സി അബൂബക്കർ നന്ദിയും പറഞ്ഞു. ഉമ്മർ പാണ്ടികശാല, അഡ്വ.ടി സിദ്ദിഖ്, അഡ്വ.പ്രവീൺകുമാർ, കെ. മൊയ്തീൻകോയ, എൻ.വി ബാബുരാജ്, ചോലക്കര മുഹമ്മദ്, കെ.എ ഖാദർ മാസ്റ്റർ, എസ്.പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കൽ, എം.എ മജീദ്, റഷീദ് വെങ്ങളം, നൊച്ചാട് കുഞ്ഞബ്ദുള്ള, ബാലകൃഷ്ണൻ കിടാവ്, പി മൊയ്തീന്‍ മാസ്റ്റർ എന്നിവർ സംസാരിച്ചു.