upper-cast-reservation

കോട്ടയം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്). നടപ്പാക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ടെങ്കിലും സാമൂഹികനീതി നടപ്പാക്കുവാൻ വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂട തെളിയിച്ചിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പറഞ്ഞു. അരനൂറ്റാണ്ടിലേറെയായി എൻ.എസ്.എസ് ആവശ്യപ്പെടുന്ന കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10 ശതമാനം സംവരണമെന്ന നിർണായക തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് നാളെ പാർലമെന്റിൽ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ നടപ്പാക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്നാണ് സുപ്രീംകോടതി വിധി. എന്നാൽ ഇത് 10ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കാനാണ് കേന്ദ്രസർക്കാർ ഉന്നമിടുന്നത്. ഇതിനാണ് കേന്ദ്രസർക്കാർ നാളെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്.