news

1. സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാക്കി സര്‍ക്കാര്‍. ഹര്‍ത്താല്‍, പണിമുടക്ക് ദിനങ്ങളില്‍ ഉണ്ടാവുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. വീടുകള്‍, പാര്‍ട്ടി ഓഫീസുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയക്ക് എതിരെയുള്ള അക്രമം തടയാനാണ് നടപടി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ട പശ്ചാത്തലത്തില്‍ ആയിരുന്നു സര്‍ക്കാരിന്റെ പെട്ടന്നുള്ള നടപടി

2. കേരളത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതിയും ഇന്ന് ഇടക്കാല ഉത്തരവ് പുറത്തിറക്കി ഇരുന്നു. ഹര്‍ത്താല്‍ മൗലിക അവകാശത്തെ ബാധിക്കുന്നത് ആകരുതെന്ന് ആണ് നിര്‍ദ്ദേശം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഇത് ബാധകം. ഹര്‍ത്താലിനിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും കൈയില്‍ നിന്ന് ഈടാക്കും

3. തൊഴില്‍ സമരങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ ഹര്‍ത്താലിന് ബാധകമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഹര്‍ത്താലിന് എതിരായ കേസ് തീര്‍പ്പാക്കുന്നത് വരെ. ഹര്‍ത്താല്‍ നടത്തുന്നത് ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണം എന്ന് പറഞ്ഞ കോടതി നാളത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം എന്നും നിര്‍ദ്ദേശിച്ചു

4. കേരളത്തില്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ളില്‍ ബി.ജെ.പിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ക്കാമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട. വിരട്ടിലിന്റെ കാലം കഴിഞ്ഞു. ബി.ജെ.പിയുടെ വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷി ബി.ജെ.പിക്ക് ഇല്ല. സംസ്ഥാനത്തെ തകര്‍ക്കുന്ന രീതിയില്‍ ബോധപൂര്‍ണമായ അക്രമം കേരളത്തില്‍ നടന്നു.



5. അക്രമങ്ങളില്‍ 95 ശതമാനം നേതൃത്വം നല്‍കിയത് സംഘപരിവാറെന്ന് മുഖ്യന്‍. ക്രമസമാധാനം തകര്‍ക്കണം എന്നത് ബി.ജെ.പിയുടെ ആഗ്രഹമാണ്. അക്രമം അഴിച്ചുവിട്ട് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു. അക്രമികളെ പിടികൂടരുതെന്ന് വേറെ സംസ്ഥാനത്ത് പറഞ്ഞാ മതി എന്ന് മുഖ്യന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടക്കുക ആണെന്നും മുഖ്യമന്ത്രി

6. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നാളെയും മറ്റന്നാളും നടത്തുന്ന പണിമുടക്ക് ഹര്‍ത്താല്‍ ആകാതിരിക്കാന്‍ മുന്‍കരുതലുമായി പൊലീസ്. പണിമുടക്ക് ഹര്‍ത്താല്‍ ആകരുത് എന്ന് സംസ്ഥാന പൊലീസ് മേധാവി. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്കും വ്യാപര സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണം. അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കണം എന്നും ഡി.ജി.പി. പൊലീസിന്റെ നീക്കം, ഹര്‍ത്താലിന് എതിരെ ഹൈക്കോടതി കര്‍ശന നിലപാട് എടുത്ത സാഹചര്യത്തില്‍

7. കേന്ദ്ര സര്‍ക്കാരിന് എതിരെ വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ ഇന്ന് അര്‍ദ്ധരാത്രി 12 മണിക്ക് ആരംഭിക്കും. പണിമുടക്കില്‍ നിന്ന് അവശ്യ സര്‍വീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഒഴിവാക്കിയെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ വാഹനങ്ങള്‍ തടയില്ല. പണിമുടക്ക് ഹര്‍ത്താലായി മാറില്ലെന്നും സമരസമിതി. തുടര്‍ച്ചെ ഉണ്ടായ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് സമരസമിതി.

8. അക്രമ സംഭവങ്ങള്‍ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ തടയില്ല. പത്രം പാല്‍, ആശുപത്രികള്‍, ടൂറിസം മേഖലകളെ പണിമുടക്കില്‍ നിന്നൊഴിവാക്കി. എന്നാല്‍ ട്രെയിനുകള്‍ പിക്കറ്റ് ചെയ്യും. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക്. സംസ്ഥാനത്തെ 19 ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

9. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ, സുപ്രധാന തീരുമാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധാരണ. 10 ശതമാനം ആണ് സംവരണം ഏര്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട് നാളെ പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ നീക്കം

10. സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് മുന്നാക്കക്കാര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. 50 ശതമാനത്തില്‍ അധികം സംവരണം നല്‍കരുത് എന്നാണ് സുപ്രീംകോടതി വിധി. എന്നാല്‍ ഇത് 10 ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനം ആക്കാന്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ആണ് ഈ സംവരണത്തിന്റെ ഗുണം ലഭിക്കുക എന്ന് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

11. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കുറ്റപത്രം വൈകുന്നതില്‍ കടുത്ത ആശങ്ക ഉണ്ടെന്ന് സിസ്റ്റര്‍ അനുപമ. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിന് പിന്നില്‍ ഉന്നത സ്വാധീനമാണോ എന്ന് സംശയിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ട്. സഭാ അധികാരികള്‍ ഫ്രാങ്കോ തെറ്റുകാരനല്ല എന്ന രീതിയില്‍ കണ്ണടയ്ക്കുന്നു. അവരില്‍ നിന്ന് യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ല എന്നും സിസ്റ്റര്‍ പ്രതികരിച്ചു. കേരളകൗമുദി ഫ്ളാഷിന് നല്‍കിയ അഭിമുഖത്തില്‍ ആണ് സിസ്റ്റര്‍ അനുപമയുടെ പ്രതികരണം

12. അതേസമയം, കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വൈകുന്നത് ഇര ഉള്‍പ്പെടെ കേസുമായി സഹകരിച്ച 6 കന്യാസ്ത്രീകളുടെയും മഠത്തിലെ ജീവിതം ദുസഹമാക്കുന്നുണ്ട്. മഠത്തില്‍ ജീവിക്കുന്നത് ഭയത്തോടെ. മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്തിയും പച്ചക്കറി കൃഷിയും നടത്തിയും ആണ് ജീവിത ചെലവ് കണ്ടെത്തുന്നത് എന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു