ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റിഡുമായി കേന്ദ്രം കരാർ ഒപ്പിട്ടില്ലെന്നും സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ ലോക്‌സഭയിൽ മറുപടി നൽകി.
കഴിഞ്ഞ നാല് വർഷത്തിനിടെ എച്ച്.എ.എല്ലിന് 26,570 കോടി രൂപയുടെ ഓർഡർ നൽകിയെന്നും 73,000 കോടി രൂപയുടെ കരാറിന്റെ നടപടിക്രമങ്ങൾ പരിഗണനയിലാണെന്നും നിർമ്മലാ സീതാരാമൻ ആവർത്തിച്ചു. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ 26,000 കോടിരൂപയുടെ കരാറിൽ അന്തിമ തീരുമാനമായെന്നും ഇതിൽ കേന്ദ്രം ഒപ്പുവച്ചെന്നും നിർമ്മല വ്യക്തമാക്കി.
എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ ഓർഡർ നൽകിയെന്ന് നിർമ്മല സീതാരാമൻ നേരത്തെ ലോക്‌സഭയിൽ പറഞ്ഞതിനെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കള്ളമാണെന്നും അവരുടെ വാദം തെളിയിക്കുന്ന രേഖകൾ സഭയിൽ ഹാജരാക്കണമെന്നും ഇല്ലാത്ത പക്ഷം രാജിവെക്കണമെന്നും രാഹുൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് നിർമ്മലാ സീതാരാമൻ ഇന്നലെ സഭയിൽ ഇക്കാര്യം പറഞ്ഞത്.
അതേ സമയം സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് കോൺഗ്രസ് മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി. ഇത് പരിഗണനയിലുണ്ടെന്ന് സ്പീക്കർ സുമിത്രാ മഹാജൻ മറുപടി നൽകി.
ഇതിനിടെ എച്ച്.എ.എല്ലിലെ തൊഴിലാളികൾക്ക് ശമ്പളം നൽകാൻ 1000 കോടി രൂപ കടമെടുക്കുന്നുവെന്ന പത്രവാർത്ത രാഹുൽ ട്രിറ്ററിൽ പങ്കുവച്ചു.
എച്ച്.എ.എല്ലിൽ ശമ്പളത്തിന് പണമില്ലാത്തത് സ്വാഭാവികം. അനിൽ അംബാനിക്ക് റാഫേലുണ്ട്. കരാർ നടപ്പാക്കാൻ പ്രതിഭകളെ അദ്ദേഹത്തിന് ആവശ്യമുണ്ടാകും. ശബളം ലഭിക്കാതിരിക്കുമ്പോൾ എച്ച്.എ.എല്ലിലെ മികച്ച തൊഴിലാളികൾ അനിൽ അംബാനിയുടെ സംരംഭത്തിലേക്ക് പോകാൻ നിർബന്ധിതരാകും
-രാഹുലിന്റെ ട്വീറ്റ്
പരിഗണനയിലുള്ള കരാർ ഇങ്ങനെ
83 തേജസ് വിമാനങ്ങൾ: 50,000 കോടി
200 ഹെലികോപ്ടർ: 20,000 കോടി
19 ഡോണിയർ വിമാനം: 3400 കോടി
മറ്റ് ഹെലികോപ്ടറുകൾ: 15,000 കോടി
എയ്റോ എൻജിൻ: 8400 കോടി