തിരുവനന്തപുരം : ഹർത്താലിനിടെ സംസ്ഥാനത്ത് വ്യാപകമായി ഉണ്ടായ അക്രമങ്ങൾക്ക് പിന്നാലെ സിറ്റി പൊലീസ് കമ്മിഷണർമാരെ മാറ്റി പൊലീസിൽ അഴിച്ചുപണി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർമാരെയാണ് മാറ്റിയത്. കോഴിക്കോട്ട് നിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റി സഞ്ജയ് കുമാർ ഗുരുദീനെ നിയമിച്ചു. പൊലീസ് ആസ്ഥാനത്താണ് കാളിരാജ് മഹേഷ് കുമാറിന് പുതിയ ചുമതല നൽകിയിട്ടുള്ളത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി എസ്. സുരേന്ദ്രനെ നിയമിച്ചു. തിരുവനന്തപുരം പൊലീസ് കമ്മിഷണറായിരുന്ന പി. പ്രകാശിനെ ബറ്റാലിയൻ ഡി.ഐ.ജിയായാണ് നിയോഗിച്ചിട്ടുള്ളത്.
ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങൾ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ സാധാരണ നിലയിലുള്ള സ്ഥലംമാറ്റം മാത്രമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.