social-media-

കൊൽക്കത്ത: ഭാര്യയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ മോശം കമന്റിട്ടയാളെ കളക്ടർ പൊലീസുകാർക്കു മുന്നിലിട്ട് പൊതിരെ തല്ലുന്ന വീഡിയോ വൈറൽ. ബംഗാൾ അലിപുർദാറിലെ കളക്ടറായ നിഖിൽ നിർമ്മലാണ് പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം വിട്ട് പെരുമാറിയത്. ഫലാകട പൊലീസ് സ്‌റ്റേഷനിൽ വച്ച് ഭാര്യയുടെ മുന്നിലിട്ടാണ് നിഖിൽ യുവാവിനെ മർദ്ദിച്ചത്.

യുവാവിനെ മർദ്ദിക്കുമ്പോൾ എസ്.ഐ.സൗമ്യജിത് റായി അതു കണ്ടുനിൽക്കുകയായിരുന്നു. എനിക്കെതിരെ എന്തെങ്കിലും ചെയ്യാമെന്ന് നീ വിചാരിക്കുന്നുണ്ടോ? ഇനി ഇങ്ങനെ ഉണ്ടായാൽ വീട്ടിൽ കയറി കൊല്ലുമെന്നും നിഖിൽ പറയുന്നു. ഇത്തരം അസഭ്യങ്ങൾ എഴുതി വിടുന്നതെന്തിനെന്ന് നിഖിലിന്റെ ഭാര്യയും ചോദിക്കുന്നു. ക്ഷമ യാചിച്ചു മുട്ടിലിഴയുന്ന യുവാവിനെ ഒരു ദയയും കാണിക്കാതെ നിഖിലും ഭാര്യയും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരാണ് പുറത്തു വിട്ടത്. സംഭവത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് നിർമ്മലിനെ തടയുന്നില്ലെന്നുളളതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

യാതൊരു പരാതിയും കൂടാതെയാണ് യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയതും ഐ.എ.എസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്ത് കൈകാര്യം ചെയ്തതും. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ നിഖിലോ പൊലീസ് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല.

ബെറ്റർ ഇന്ത്യ തെരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്ത് മികച്ച ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയാണ് നിഖിൽ നിർമ്മൽ.