manithi-

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിനു നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകാൻ സ്വകാര്യ വാഹനം അനുവദിച്ചത് അവരുടെ സുരക്ഷയെ കരുതിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൂന്നു യുവതികൾ സന്നിധാനത്ത് എത്തി ദർശനം നടത്തിയെന്നും വ്യക്തമാക്കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സത്യവാങ്മൂലം നൽകി.

യുവതികൾ മലചവുട്ടിയതിന്റെ പേരിൽ തീർഥാടകർക്കു തടസമുണ്ടായിട്ടില്ല, ചില യുവതികൾക്കു വിജയകരമായി പൊലീസ് എസ്കോർട്ട് നൽകി. മറ്റു ചില യുവതികൾക്കു കയറാൻ പറ്റാതെ വന്നത് പ്രതിഷേധവും അക്രമവും മൂലമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഭക്തരെന്ന വ്യാജേന എത്തുന്ന പ്രതിഷേധക്കാർ നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച് നിരീക്ഷണ സമിതി റിപ്പോർട്ടിൽ മൗനം പാലിക്കുകയാണ്. ഇത്തരം സംഭവങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിക്കണമെന്നും പ്രതിഷേധക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടിയുൾപ്പെടെ സ്വീകരിക്കണം. മനിതി സംഘമോ പിന്നീടു രണ്ടു യുവതികളോ വന്നപ്പോൾ പൊലീസ് തീർത്ഥാടകരെ തടഞ്ഞിട്ടില്ല. തിരക്കു നിയന്ത്രിക്കാനുള്ള നടപടികളേ സ്വീകരിച്ചിട്ടുള്ളൂ. റോഡിൽ വാഹനനിര നീണ്ടതു തീർത്ഥാടകരുടെ എണ്ണം കൂടിയതുകൊണ്ടാണെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വിശദീകരിച്ചു.