കേരളകലകളുടെ ആഗോളമുഖമെന്ന നിലയിൽ വളർന്ന കഥകളിയിൽ നൃത്തം, അഭിനയം, സംഗീതം തുടങ്ങിയവ സമ്മേളിക്കുന്നു. കൊല്ലവർഷം 830നും-36നും ഇടയിൽ കൊട്ടാരക്കര തമ്പുരാൻ രൂപം നൽകിയ രാമനാട്ടമാണ് പിന്നീട് കഥകളിയായി പരിണമിച്ചതെന്ന് കരുതപ്പെടുന്നു. കോഴിക്കോട് സാമൂതിരിയുടെ കീഴിൽ പ്രചാരത്തിലുണ്ടായിരുന്ന കൃഷ്ണനാട്ടം കൊട്ടാരക്കരയിൽ കളിക്കാൻ തമ്പുരാൻ ക്ഷണിച്ചെങ്കിലും സാമൂതിരി അയച്ചില്ലെന്നും ഇതിൽ പ്രതിഷേധിച്ച് കൊട്ടാരക്കര തമ്പുരാൻ രൂപം നൽകിയ കലാരൂപമാണ് രാമനാട്ടമെന്നുമാണ് ഐതിഹ്യം.
കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നീ ചതുർവിധാഭിനയങ്ങൾ കഥകളിയുടെ സവിശേഷതയാണ്.
അഞ്ച് തരം വേഷങ്ങളാണ് കഥകളിയിലുള്ളത്. പച്ച, കത്തി, താടി, കരി, മിനുക്ക്.
പച്ച : ധീരന്മാരും നന്മനിറഞ്ഞതുമായ കഥാപാത്രങ്ങൾക്കാണ് ഈ വേഷം. രാമ ലക്ഷ്മണന്മാരും രാജാക്കൻമാരുമെല്ലാം പച്ചയിലെത്തുന്നു.
കത്തി : ക്രൗര്യം നിറഞ്ഞ പ്രതിനായക കഥാപാത്രങ്ങളുടെ വേഷമാണ് കത്തി. രാവണൻ, ദുര്യോധനൻ തുടങ്ങിയവർ ഈ വേഷത്തിൽ അവതരിക്കപ്പെടുന്നു.
താടി : മൂന്ന് തരം താടി വേഷങ്ങളാണുള്ളത്. ഹനുമാനെപ്പോലെയുള്ള അമാനുഷിക കഴിവുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷമാണ് 'വെള്ളത്താടി". ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള വേഷമാണ് 'ചുവന്നതാടി". കലിയുടെ വേഷമാണ് കറുത്ത താടി.
കരി (കറുപ്പ്) : കാട്ടാള കഥാപാത്രങ്ങൾക്ക് ഉപയോഗിക്കുന്ന വേഷമാണ് 'കരിവേഷം".
മിനുക്ക് :സ്ത്രീ കഥാപാത്രങ്ങളും ദൂതൻമാരും ബ്രാഹ്മണരും സന്യാസിവര്യന്മാരുമാണ് 'മിനുക്ക്" വേഷത്തിലെത്തുക.
ചാക്യാർകൂത്ത്
കേരളീയക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ അരങ്ങേറിവരുന്ന കലാരൂപമാണ് ചാക്യാർകൂത്ത്. ഫലിതത്തിന്റെ മേമ്പൊടിയോടെ ചാക്യാർ നടത്തുന്ന പുരാണ കഥാകഥനമാണിത്. പുരാണകഥകളിലൂടെ കാഴ്ചക്കാരെ ചിന്തിപ്പിക്കുകയാണ് ചാക്യാർ ചെയ്യുന്നത്. ചാക്യാർകൂത്തിലെ ഏകവാദ്യം മിഴാവാണ്. പുരാണ കഥാപാത്രങ്ങളെ സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി അതിലൂടെ രാജാവിനെപോലും ചാക്യാൻമാർ വിമർശിച്ചിരുന്നു.
ഓട്ടൻതുള്ളൽ
തികച്ചും കേരളീയമായ കലാരൂപമാണ് ഓട്ടൻതുള്ളൽ. കുഞ്ചൻ നമ്പ്യാരാണ് ഓട്ടൻതുള്ളലിന്റെ പിതാവ്. പുരാണകഥകളുടെ കഥനത്തോടൊപ്പം സാമുഹ്യവിമർശനവുമാണ് തുള്ളലിലൂടെ അവതരിക്കപ്പെടുന്നത്. ചാക്യാർകൂത്തിന് മിഴാവ് വായിച്ചുകൊണ്ടിരുന്നപ്പോൾ ഉറങ്ങിപ്പോയ കുഞ്ചൻനമ്പ്യാരെ ചാക്യാർ കളിയാക്കിയെന്നും ഇതിന് മറുപടിയെന്നോണം നമ്പ്യാർ അവതരിപ്പിച്ച കലാരൂപമാണ് തുള്ളലെന്നുമുള്ള രസകരമായ ഐതീഹ്യം പ്രചാരത്തിലുണ്ട്. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നുവിധത്തിലുള്ള തുള്ളലുകളുണ്ട്. തുറന്നവേദിയാണ് ഓട്ടൻതുള്ളൽ അവതരണത്തിന് ഉപയോഗിക്കുന്നത്. വേദിയിൽ കൊളുത്തിവച്ച നിലവിളക്കിന് മുന്നിലാണ് തുള്ളൽ നടക്കുക. തിരശ്ശീലയുണ്ടാവില്ല. വാദ്യക്കാരും പിന്നണിപാടുന്നവരും വേദിയുടെ ഒരുഭാഗത്തിരിക്കും. മൂന്നുപേരാണുണ്ടാവുക. തുള്ളൽക്കാരൻ പാടുന്ന വരികൾ പിൻപാട്ടുകാർ ഏറ്റുപാടുന്നു. മൃദംഗവും കൈമണിയുമാണ് പ്രധാന വാദ്യങ്ങൾ.
തിരുവാതിരക്കളി
പഴയ നമ്പൂതിരി,നായർ തറവാടുകളിലുണ്ടായിരുന്ന പാരമ്പര്യ കലാരൂപമാണ് തിരുവാതിരക്കളി.വ്രതം നോറ്റ് ദശപുഷ്പം ചൂടി എട്ടുസ്ത്രീകൾ ധനുമാസത്തിലെ തിരുവാതിരയ്ക്ക് നിലവിളക്കിന് മുന്നിൽ നിന്നാണ് തിരുവാതിരക്കളി അവതരിപ്പിക്കുന്നത്.
ഗണപതി സ്തുതിയോടെയാണ് തിരുവാതിരക്കളി തുടങ്ങുന്നത്. തുടർന്ന് സരസ്വതി സ്തുതി, പദം, കുമ്മിയടി, കുറത്തിപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിങ്ങനെ മംഗളത്തോടെ സമാപിക്കുന്നു. പിന്നണിയിൽ പാട്ടിനോടൊപ്പം മൃദംഗം, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും.
മോഹിനിയാട്ടം
കേരളത്തിന്റെ ക്ഷേത്രസംസ്കാരവുമായി ബന്ധപ്പെട്ട് വളർന്നുവന്ന ലാസ്യപ്രധാനമായ തനത് നൃത്തമാണ് മോഹിനിയാട്ടം. കാഴ്ചക്കാരുടെ മനംകവരുന്ന തരുണി എന്നാണ് മോഹിനി എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. മുദ്രകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഹസ്തലക്ഷണദ്വീപിക എന്ന ഗ്രന്ഥത്തെയാണ് മോഹിനിയാട്ടം പിൻപറ്റുന്നത്. കൈമുദ്രകൾ ഉപയോഗിച്ചുള്ള അഭിനയമാണ് പ്രധാനം. കർണാട്ടിക് സംഗീതവും മൃദംഗം, വയലിൻ, പുല്ലാങ്കുഴൽ, വീണ, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങളുമാണ് പിന്നണിയിൽ. പരമ്പരാഗതമായ ചെറിയ ബ്ലൗസ്, സ്വർണക്കരയുള്ള സാരി എന്നിവയാണ് വേഷങ്ങൾ.
മാർഗംകളി
ക്നാനായ ക്രൈസ്തവരുടെ ഇടയിൽ പ്രചാരമുള്ള പാരമ്പര്യകലാരൂപമാണ് മാർഗം കളി. ഭാരതത്തിൽ ക്രിസ്തുവിന്റെ മാർഗം സ്വീകരിച്ചവർ-മാർഗവാസികളുടെ കളി എന്ന നിലയിലാണ് ഈപേര് വന്നത്. ആദ്യകാലങ്ങളിൽ പുരുഷൻമാർമാത്രമാണ് മാർഗംകളി അവതരിപ്പിച്ചിരുന്നത്. തോമാശ്ലീഹയുടെ ഭാരതപ്രവേശനവും ക്രിസ്ത്യാനികളുടെ ചരിത്രവുമാണ് മാർഗംകളിയുടെ ഇതിവൃത്തം. കല്യാണങ്ങളുടെയും പള്ളിപ്പെരുന്നാളിന്റെയും ഭാഗമായാണ് മാർഗംകളി നടക്കുന്നത്. പന്ത്രണ്ടുപേരാണ് മാർഗം കളിയിലുണ്ടാവുക. മധ്യഭാഗത്ത് പന്ത്രണ്ട് തിരിയിട്ട നിലവിളക്ക് കത്തിച്ചുവയ്ക്കും. നിലവിളക്ക് ക്രിസ്തുവിനെയും പന്ത്രണ്ട് തിരികൾ ക്രിസ്തുവിന്റെ ശിഷ്യൻമാരെയും പ്രതിനിധീകരിക്കുന്നു. കസവ് മുണ്ടും ചുവന്ന അരപ്പട്ടയും തലയിൽ കസവമുണ്ടുകൊണ്ടുള്ള കെട്ടുമാണ് പുരുഷൻമാരുടെ വേഷം.
ഒപ്പന
ഒരു കാലത്ത് മലബാറിലെ മുസ്ലിം വീടുകളിൽ കല്യാണ സമയത്ത് വ്യാപകമായി അവതരിപ്പിച്ചിരുന്ന കലാരൂപമാണ് ഒപ്പന. മാപ്പിളകലകളിൽ ഏറെ ജനപ്രീതിയുള്ള കലകൂടിയാണ് ഒപ്പന. മണവാട്ടിയുടെ നാണം തീർക്കാനാണ് ഒപ്പനകളിക്കുന്നത്.
ചായൽ,ഒപ്പന മുറുക്കം എന്നിങ്ങനെ രണ്ടുതരത്തിലാണ് ഒപ്പന കളിക്കുന്നത്. അയഞ്ഞുപാടുന്നത് ചായലും ദ്രുതതാളത്തിൽ പാടുന്നത് മുറുക്കവുമാണ്. വിവാഹനാളിൽ മണവാട്ടിയെ അണിയിച്ചൊരുക്കി കല്യാണപ്പന്തലിലേക്ക് ആനയിക്കുന്നു.
മണവാട്ടിയെ പീഠത്തിൽ ഇരുത്തി മുസ്ലിം പാരമ്പര്യവേഷമണിഞ്ഞ തോഴിമാർ പാട്ടുപാടി കൈകൊട്ടി കളിക്കുന്നു. പത്തുപേരാണ് ഉണ്ടാവുക. പിന്നണിയിൽ രണ്ടോ മൂന്നോ പാട്ടുകാരും ഉണ്ടാകും. സദസിനെ വന്ദിച്ചും വർണിച്ചും അലങ്കാരങ്ങളെയും ആഭരണങ്ങളെയും പുകഴ്ത്തിയും പാടാറുണ്ട്.
കോൽക്കളി
ഉത്തരകേരളത്തിൽ ഏറെ പ്രചാരമുള്ളകോൽക്കളിക്ക് കോലടിക്കളി എന്നും പേരുണ്ട്. നല്ല താളബോധമുള്ളതും മെയ്വഴക്കവുമുള്ളവരാണ് കളിക്കാർ. വട്ടത്തിൽ ചടുലതയോടെയുള്ള ചുവടുകളാണ് കോൽക്കളിയെ മനോഹരമാക്കുന്നത്.
വന്ദനക്കളിയോടെയാണ് ആരംഭിക്കുന്നത്. കളിക്കാരെ അകം, പുറം എന്നിങ്ങനെ രണ്ടു വിഭാഗമായിതിരിക്കും. ഏകദേശം ഒന്നരയടി നീളമുള്ള പനങ്കോലാണ് ഉപയോഗിക്കുന്നത്. കോലുകളിൽ ചെറിയ ചിലങ്കയോ മണിയോ കോർത്തിരിക്കും.
മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള കോൽക്കളി തികച്ചും വിനോദപ്രദമാണ്. കള്ളിമുണ്ടും അരപ്പട്ടയും ബനിയനും തലേക്കെട്ടുമാണ് വേഷം. തനിമയാർന്ന മാപ്പിളപ്പാട്ടുകളുടെയും പ്രകീർത്തനഗാനങ്ങളുടെയും അകമ്പടിയോടെ12 പുരുഷൻമാർ ചേർന്നാണ് കോൽക്കളി അവതരിപ്പിക്കുന്നത്..