കൊല്ലം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമരം നടത്തുന്നവരെ അടിച്ചൊതുക്കാൻ സർക്കാരും സി.പി.എമ്മും പൊലീസും ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും തെരുവിൽതന്നെ നേരിടുമെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പൊലീസ് രാജ് നടപ്പാക്കാനാണ് ശ്രമമെങ്കിൽ ഇപ്പോഴുള്ള ജയിലുകൾ പോരാതെവരുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആസൂത്രിത കലാപത്തിന് ശ്രമിക്കുന്നത് സി.പി.എമ്മും മുഖ്യമന്ത്രിയുമാണ്. എസ്.ഡി.പി.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കോഴിക്കോട് മിഠായിത്തെരുവിൽ കലാപത്തിന് ശ്രമിച്ചത്. പേരാമ്പ്രയിൽ ആരാധനാലയത്തിനുനേരെ കല്ലെറിഞ്ഞ കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പ്രതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹർത്താലിൽ കട തുറക്കാൻ സി.പി.എം നേതാക്കൾ പരസ്യമായി രംഗത്തിറങ്ങിയത് ശരിയല്ല. മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ നടപടിയെടുക്കും. ഇക്കാര്യത്തിൽ ഖേദപ്രകടനം നടത്തണമോയെന്നതടക്കമുള്ള കാര്യത്തിൽ ബി.ജെ.പി അധ്യക്ഷനാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.