ജീവിതശൈലി, ഭക്ഷണരീതി, മാനസിക പിരിമുറുക്കമുണ്ടാക്കുന്ന ചിന്താരീതി എന്നിവയെല്ലാം രക്തസമ്മർദ്ദത്തിന്റെ അടിസ്ഥാന കാരണങ്ങളാണ്. വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക, നാരങ്ങ എന്നിവ നിത്യവും കഴിക്കുന്നത് രക്തസമ്മർദ്ദത്തെ പ്രതിരോധിക്കും. പൊട്ടാസ്യം അടങ്ങിയ ഏത്തപ്പഴം, മുന്തിരി, പീച്ച് എന്നിവയും രക്തസമ്മർദ്ദത്തെ തടയും. നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ പ്രോസ്റ്റാസൈക്ളീൻ എന്ന ഘടകത്തിന്റെ ഉത്പാദനം കൂട്ടും. രക്തക്കുഴലുകളെ വികസിപ്പിച്ച് രക്താദിമർദ്ദം കുറയ്ക്കാൻ കഴിവുണ്ട് പ്രോസ്റ്റാസൈക്ളീനിന്.
ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മർദ്ദം ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട. ഉപ്പിലെ സോഡിയമാണ് വില്ലൻ. രക്തക്കുഴലുകൾക്ക് വികസിക്കാനുള്ള കഴിവിനെ സോഡിയം ഇല്ലാതെയാക്കും. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ, അച്ചാറുകൾ, വിവിധതരം ഉപ്പേരികൾ, സോസുകൾ എന്നിവയെല്ലാം ഉപ്പിന്റെ അളവ് വളരെ കൂടിയവയാണ്. രക്തസമ്മർദ്ദമുള്ളവർ നിർബന്ധമായും ഉപേക്ഷിക്കേണ്ടതാണ് ഇവ. മാത്രമല്ല ഇവയുടെ അമിത ഉപയോഗം ഭാവിയിൽ രക്തസമ്മർദ്ദം ഉണ്ടാക്കുമെന്ന കാര്യവും മറക്കരുത്.