പാലക്കാട് : തൃശൂരിൽ കല്യാൺ ജുവലറിയിൽ നിന്ന് തമിഴ്‌നാട്ടിലെ ഷോറൂമിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒരു കോടിയോളം രൂപ വിലമതിയ്ക്കുന്ന സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു. തൃശൂരിൽ നിന്നും കാറിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ സ്വർണാഭരണങ്ങളാണ് കൊള്ളയടി
ക്കപ്പെട്ടത്.
രാവിലെ പതിനൊന്നരയ്ക്ക് കോയമ്പത്തൂരിനും വാളയാറിനും മദ്ധ്യേ ചാവടിയിലായിരുന്നു സംഭവം. തൃശൂരിൽ നിന്ന് സ്വർണാഭരണങ്ങളുമായി പോയ കാറിനെ ചാവടി പെട്രോൾ പമ്പിന് സമീപം തടഞ്ഞു നിർത്തി, ഡ്രൈവർ അർജുൻ, ഒപ്പമുണ്ടായിരുന്ന വിൽഫ്രഡ് എന്നിവരെ വലിച്ച് താഴെയിട്ടശേഷമായിരുന്നു കവർച്ച .
കാറിനു പിന്നിൽ ചാവടിയിലെ പെട്രോൾ പമ്പിനു സമീപം അക്രമിസംഘത്തിന്റെ കാർ ഇടിച്ചു കയറ്റി. ഇതു ചോദ്യം ചെയ്യാൻ കാർ നിർത്തി അർജുൻ പുറത്തിറങ്ങി. ഈ സമയം കോയമ്പത്തൂർ ഭാഗത്തു നിന്നു മറ്റൊരു കാർ പാഞ്ഞെത്തി. രണ്ടു കാറുകളിൽ നിന്നുമായി പുറത്തിറങ്ങിയവർ സ്വർണവുമായി വന്ന കാറിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർത്തു.
എതിർക്കാൻ ശ്രമിച്ച അർജുനെയും വിൽഫ്രഡിനെയും മർദിച്ചു റോഡിൽ ഉപേക്ഷിച്ച ശേഷം കാറും സ്വർണവുമായി കോയമ്പത്തൂർ ഭാഗത്തേക്കു കടക്കുകയായിരുന്നു.ഇവരുടെ നിലവിളി കേട്ടു സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാർ ഓടിയെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും ചാവടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
9 പേരാണു കാറുകളിലുണ്ടായിരുന്നതെന്നും ഇവരിൽ ചിലർ മുഖം മറച്ചിരുന്നെന്നും ഡ്രൈവർമാർ മൊഴി നൽകി. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. തമിഴ്നാട് മധുക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സ്വർണം, വെള്ളി ആഭരണങ്ങളാണു നഷ്ടപ്പെട്ടത്.