nation-wide-strike-kerala

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്‌ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. സമരം എട്ട് മണിക്കൂർ പിന്നിടുമ്പോൾ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പലയിടത്തും റെയിൽ ഗതാഗതം തടസപ്പെടുത്തുകയാണ്. ജനശതാബദി, രപതിസാഗർ എക്സ്പ്രസ് ട്രെയിനുകൾ തടഞ്ഞിട്ടിരിക്കുകയാണ്. അഞ്ചുമണിക്കു പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകി ആറരയ്‌ക്ക് മാത്രമാണ് പുറപ്പെട്ടത്. ചെന്നൈ മെയിൽ തൃപ്പൂണിത്തുറയിൽ തടഞ്ഞിരിക്കുകയാണ്. ശബരി എക്സ്പ്‌രസിന്റെ യാത്രയും വൈകി.

കെ.എസ്.ആർ.ടി.സിയുടെ പല സർവീസുകളും മുടങ്ങി.പമ്പയിലേക്കുള്ള കെഎസ്ആർടി സർവീസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. സ്വകാര്യബസുകളും സർവീസ് നടത്തുന്നില്ല. ആട്ടോ- ടാക്‌സികളും ഓടുന്നില്ല. അദ്ധ്യാപകർ, ബാങ്ക് ജീവനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ, ചെറുകിട വ്യാപാരികൾ എന്നിവർ കൂടി പണിമുടക്കുന്നതിനാൽ ദിവസം ജനജീവിതം നിശ്ചലമാകും.


ആശുപത്രികൾ, വിമാനത്താവളം, വിവാഹങ്ങൾ, ടൂറിസം മേഖല തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. പാൽ, പത്രം വിതരണത്തിനുള്ള വാഹനങ്ങൾ പണിമുടക്കില്ല. ശബരിമല തീർഥാടനവും തടസപ്പെടില്ല. കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സാർവത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.