കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം-ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് നേരെ ബോബെറിഞ്ഞു. സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.ഷിജുവിന്റെ വീടിന് നേരെയും, ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്. പുലർച്ചെ മൂന്ന് മണിക്കാണ് സി.പി.എം നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞത്.
തുടർന്ന് അഞ്ച് മണിക്ക് മുകുന്ദന്റെ വീടിന് നേരെയും ബോംബേറുണ്ടായി. വീടിന്റെ ജനാലയുടെ ചില്ലുകളും വാതിലുകളും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. സംസ്ഥാനത്ത് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ നിരവധി അക്രമസംഭവങ്ങൾ നടന്നിരുന്നു. അക്രമ സംഭവങ്ങൾ ഇപ്പൊഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം ആർ.എസ്.എസ് ജില്ലാ കാര്യവാഹിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബെറിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസിൽ ബി.ജെ.പി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അറസ്റ്റ് ചെയ്തു. ചെല്ലാംകോട് പത്മവിലാസം വീട്ടിൽ പൂവത്തൂർ ജയനെയാണ് (56) പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇന്നലെ കണ്ണൂർ കൊളവല്ലൂർ ചേരിക്കലിൽ വൻ ബോംബ് ശേഖരം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് 20 നാടൻ ബോംബുകൾ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയിൽ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ബോംബുകൾ.