sabarimala-rss

സന്നിധാനം: മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ സർവസന്നാഹങ്ങളുമായി ഒരുങ്ങുകയാണ് സംഘപരിവാർ. ദർശനം ലക്ഷ്യമാക്കി കൂടുതൽ യുവതികൾ എത്താനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഏതുവിധേനയും ആ ശ്രമം തടയുക എന്നതാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി പമ്പ തുടങ്ങി സന്നിധാനം വരെ അറുപതോളം പ്രവർത്തകരെ രഹസ്യമായി ക്യാമ്പ് ചെയ്യിക്കുന്നുണ്ടെന്നാണ് വിവരം.

പ്രധാനമായും 13 സ്ഥലങ്ങൾ കേന്ദ്രീകരിക്കാനാണ് ഇവർക്ക് നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. വിവരങ്ങൾ കൈമാറുകയാണ് ഇവരുടെ ദൗത്യം. മകരവിളക്കിനോടടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ സന്നിധാനത്തേക്ക് എത്തുമെന്നും സൂചനയുണ്ട്. അയ്യപ്പ സംരക്ഷണ സമിതിയുടെ ശക്തമായ പിന്തുണയും ഇവർക്കുണ്ടെന്നാണ് അറിയുന്നത്.

ആർ.എസ്.എസിന്റെ മുതിർന്ന നേതാക്കൾക്കാണ് ഇതിന്റെ ഏകോപന ചുമതല. ഇപ്പോൾ ഓരോ താലൂക്കുകളിൽ നിന്നുമുള്ള പ്രവർത്തകരെയാണ് സന്നിധാനത്ത് എത്തിക്കുന്നത്. അവസാന ദിവസങ്ങളിൽ പത്തനംതിട്ട, ശബരിഗിരി എന്നിവിടങ്ങളിൽ നിന്നുള്ളവരെ എത്തിക്കാനാണ് പദ്ധതി. എന്നാൽ നാമജപ പ്രതിഷേധമല്ലാതെ ഒരിടത്തും സംഘർഷമുണ്ടാക്കരുതെന്ന കർശന നിർദേശവും നേതൃത്വം പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.