കൊൽക്കത്ത: മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് വലിയ വിജയം കണ്ടില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ല. ഒരു ഹർത്താലുകളോടും സഹകരിക്കേണ്ടെന്നാണ് പശ്ചിമ ബംഗാളിലെ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞതൊക്കെ കഴിഞ്ഞു. കഴിഞ്ഞ 34 വർഷത്തെ ഭരണത്തിൽ ഇടത് സർക്കാരുകൾ അടിക്കടി ബന്തും ഹർത്താലും നടത്തി സംസ്ഥാനത്തെ നശിപ്പിച്ചു. ഇനിമുതൽ സംസ്ഥാനത്ത് ഹർത്താലുകളും ബന്തുകളും ഉണ്ടാകില്ലെന്നും അവർ പറഞ്ഞു. അതേസമയം, പണിമുടക്ക് അനുകൂലികൾ കൊൽക്കത്തയിലും മറ്റും വ്യാപകമായി ട്രെയിൻ, റോഡ് ഗതാഗതം തടസപ്പെടുത്തുന്നതായാണ് റിപ്പോർട്ട്.
സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ ജീവനക്കാർക്കും ഇന്നും നാളെയും ഒരു വിധത്തിലുള്ള അവധികളും അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിട്ടുണ്ട്. പണിമുടക്കിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളിലും ഈ ഉത്തരവ് ബാധകമായിരിക്കും. പണിമുടക്കിനെ നേരിടാൻ നഗരകേന്ദ്രങ്ങളിൽ 500 ബസുകൾ അധിക സർവീസ് നടത്തും. എന്തെങ്കിലും തരത്തിലുള്ള അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് എല്ലാ വിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിലേത് പോലെ വാഹനങ്ങൾ നിരത്തിലിറക്കാൻ സ്വകാര്യ ബസ് മുതലാളിമാരുടെയും ടാക്‌സി ഡ്രൈവർമാരുടെയും സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി സംസ്ഥാനത്ത് കൂടുതൽ പൊലീസുകാരെ നിയോഗിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ ജനജീവിതം തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. റോഡുകളിൽ തടസമുണ്ടാക്കാനോ ഓഫീസുകളിലെത്തുന്നവരെ തടയാനോ ആരെയും അനുവദിക്കില്ല. കടകൾ, ചന്തകൾ, മാളുകൾ തുടങ്ങി എല്ലാ വ്യാപാര കേന്ദ്രങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.