ഗുരുതരവകുപ്പുകൾ ചാർജ്ജു ചെയ്തിട്ടും പേരാമ്പ്രയിൽ മുസ്ലീം പള്ളി അക്രമിച്ച സി. പി. എം ബ്രാഞ്ച് സെക്രട്ടറിക്ക് ഒരു ദിവസം കൊണ്ട് ജാമ്യം ലഭിച്ചത് പൊലീസ് കീഴടങ്ങിയത് കൊണ്ടാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. മതസ്പർദ്ധ വളർത്തൽ, വർഗ്ഗീയ കലാപോദ്ദേശത്തോടെയുള്ള ക്രിമിനൽ ഗൂഡാലോചന തുടങ്ങിയ ഗുരുതരവകുപ്പുകൾ ചാർജ്ജു ചെയ്ത കേസ്സിൽ സാധാരണനിലയിൽ രണ്ടുറിമാൻഡ് കാലാവധി കഴിയാതെ ജാമ്യം ലഭിക്കാറില്ല. എന്നാൽ മന്ത്രി ഇ. പി ജയരാജൻ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പൊലീസ് കീഴടങ്ങി കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാതിരുന്നതെന്ന് കെ.സുരേന്ദ്രൻ ആരോപിക്കുന്നു.
അതേസമയം സംഘപരിവാർ പ്രവർത്തകരായ സ്ത്രീകളെ പോലും രാത്രികാലത്ത് വീടുകയറി പുരുഷപോലീസ്സുകാർ പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുന്ന അവസ്ഥയാണുള്ളത്. അടിയന്തിരാവസ്ഥ കാലത്തെ ഓർമ്മിപ്പിക്കുന്ന പോലീസ് രാജാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്നും ജനങ്ങൾക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല ബി. ജെ. പി യെ ഉന്മൂലനം ചെയ്യണമെന്ന വാശിയിലാണ് സർക്കാറെന്നും അദ്ദേഹം ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പേരാമ്പ്രയിൽ മുസ്ളീം പള്ളി അക്രമിച്ച സി. പി. എം ബ്രാഞ്ച് സെക്രട്ടറിക്ക് ഒരു ദിവസം കൊണ്ട് ജാമ്യം ലഭിച്ചു. മതസ്പർദ്ധ വളർത്തൽ, വർഗ്ഗീയ കലാപോദ്ദേശത്തോടെയുള്ള ക്രിമിനൽ ഗൂഡാലോചന തുടങ്ങിയ ഗുരുതരവകുപ്പുകൾ ചാർജ്ജു ചെയ്ത കേസ്സിൽ സാധാരണനിലയിൽ രണ്ടുറിമാൻഡ് കാലാവധി കഴിയാതെ ജാമ്യം ലഭിക്കാറില്ല. പോലീസ് ജാമ്യാപേക്ഷയെ എതിർക്കാത്തതുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. മന്ത്രിസഭയിലെ രണ്ടാമനായ ഇ. പി ജയരാജൻ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പൊലീസ് കീഴടങ്ങിയത്. കോടിയേരിയും പൊലീസിനെ ഭീഷണിപ്പെടുത്തി. എന്തു തരം നിയമവാഴ്ചയാണ് കേരളത്തിൽ നടക്കുന്നത്? പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയപ്പോൾ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ തന്നെ പ്രതികളെ രക്ഷിക്കാൻ രംഗത്തിറങ്ങി. മരണകാരണം ഹൃദയാഘാതമാണെന്ന പച്ചക്കള്ളം പോസ്ടുമോർട്ടം റിപ്പോർട്ട് വരുന്നതിനുമുൻപ് വാർത്താസമ്മേളനം നടത്തി പ്രവചിച്ചു. മിഠായിത്തെരുവിൽ അക്രമം നടത്തുകയും ക്ഷേത്രത്തിനകത്തു കയറുകയും ചെയ്ത എസ്. ഡി. പി. ഐക്കാരിലാരേയും അറസ്റ്റ് ചെയ്തില്ല. സംഘപരിവാർ പ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ്. സ്ത്രീകളെ പോലും രാത്രികാലത്ത് വീടുകയറി പുരുഷപോലീസ്സുകാർ പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുന്നു. അടിയന്തിരാവസ്ഥ കാലത്തെ ഓർമ്മിപ്പിക്കുന്ന പോലീസ് രാജാണ് കേരളത്തിൽ. സി. പി. എം ആപ്പീസിൽ നിന്ന് എഴുതിക്കൊടുത്ത എല്ലാവരേയും അറസ്റ്റ് ചെയ്തില്ലെന്ന കാരണത്താൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റി. ഇന്നും നാളെയും നടക്കുന്ന ഹർത്താൽ സർക്കാർ നേരിട്ടാണ് നടത്തുന്നത്. തീവണ്ടികളും ബസ്സുകളും തടയുന്നു. സിവിൽ സർവീസ് പൂർണ്ണമായും സ്തംഭിപ്പിച്ചു. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം കേരളത്തിന് സർക്കാർ തന്നെ വരുത്തുന്നു. മാധ്യമങ്ങൾ ഇതാദ്യമായി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തുന്നു. ജനങ്ങൾക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല ബി. ജെ. പി യെ ഉന്മൂലനം ചെയ്യണമെന്ന വാശിയാണ് ഇവിടെ പ്രകടമാവുന്നത്.